നഗരസഭയുടെ നിരീക്ഷണ കാമറ "ക്ലിക്കായി " മാലിന്യം ജലാശയത്തിൽ തള്ളിയവരെ പിടിച്ചു

Sunday 01 January 2023 12:48 AM IST
കരുനാഗപ്പള്ളി നഗരസഭ പിടികൂടിയ മാലിന്യം നിക്ഷേപിച്ച ടാങ്കർ

കരുനാഗപ്പള്ളി: ശുചിത്വ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭ സ്ഥാപിച്ച സി.സി.ടി.വി കാമറ ക്ളിക്കായി. ജലാശയത്തിൽ മാലിന്യം തള്ളിയവർ പിടിയിലായി. നഗരസഭ പരിധിയിലെ മുണ്ടകപ്പാടത്ത് ജലാശയത്തിൽ കക്കൂസ് മാലിന്യം ഒഴുക്കിയവരെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. പോരൂക്കര പിഴാശേരി കിഴക്കതിൽ ഷമീർ (28) മുഴങ്ങോടി രേഖാഭവനത്തിൽ സുനിൽ ( 23 ) എന്നിവരാണ് പിടിയിലായത്. ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശ പ്രകാരം നഗരസഭ സ്ഥാപിച്ച കാമറയിലെ ദൃശ്യങ്ങളാണ് പ്രതികൾ പിടിയിലാകാൻ സഹായകമായത്. നമ്പർ പ്ളേറ്റ് അഴിച്ച് മാറ്റി രാത്രിയിലാണ് മാലിന്യം പള്ളിക്കലാറിന്റെ കൈവഴികളിൽ ഒഴിക്കിയത് .നഗരത്തിൽ വിവിധ ജലാശയങ്ങൾക്ക് സമീപമാണ് നഗരസഭ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ജലാശയങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതിന്റെയും അതിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെയും വിവരങ്ങൾ കാമറകൾ വഴി നഗരസഭയിലെ സെർവറിലെത്തും.