കരാറുകൾ പാതിവഴിയിൽ; ഉദ്യോഗസ്ഥർ മറുപടി പറയണമെന്ന് ഡെപ്യൂട്ടി മേയർ
കൊല്ലം: കോർപ്പറേഷനിലെ കരാറുകാർ ഏറ്റെടുത്ത പ്രവൃത്തികൾ വൈകിപ്പിക്കുന്നതിൽ സൂപ്രണ്ടിംഗ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി മേയർ കൊല്ലം മധു. രണ്ട് വർഷമായി ടാർ ചെയ്യാതെ കിടക്കുന്ന തന്റെ ഡിവിഷനിലെ റോഡിന്റെ അവസ്ഥ ചൂണ്ടികാണിച്ചാണ് ഉദ്യോഗസ്ഥരെ വിമർശിച്ചത്. കൊല്ലം ബീച്ചിൽ അപകടങ്ങൾ പതിവാകുന്നതിനാൽ കാര്യക്ഷമമായ സുരക്ഷാ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോർപ്പറേഷൻ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ 20 വർഷമായി ഒരു പെട്രോൾ പമ്പിനെ ആശ്രയിക്കുന്നതിന് പിന്നിൽ അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നും കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫ് ആവശ്യപ്പെട്ടു. തെരുവ് നായ് വന്ധ്യംകരണ നടപടികൾ മുടങ്ങി കിടക്കുകയാണെന്ന് ഭരണപക്ഷ കൗൺസിലർ എ.നൗഷാദ് പറഞ്ഞു. സാംക്രമിക രോഗങ്ങൾ പടർന്നു പിടിച്ചതാണ് എ.ബി.സി പദ്ധതി തൽക്കാലത്തേക്ക് നിർത്തി വയ്ക്കാൻ കാരണമെന്ന് ആരോഗ്യകാര്യ സമിതി അദ്ധ്യക്ഷ യു.പവിത്ര മറുപടി നൽകി. കോർപ്പറേഷനിലെ കരാറുകൾ ഏറ്റെടുത്തവർ പാതിവഴിയിൽ ഉപേക്ഷിക്കുന്ന സംഭവങ്ങൾ അന്വേഷിക്കുമെന്നും അടുത്ത യോഗത്തിൽ ഉദ്യോഗസ്ഥർ മറുപടി പറയണമെന്നും മേയർ പ്രസന്ന ഏണസ്റ്റ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ രാജു നീലകണ്ഠന്റെ വിയോഗത്തിൽ യോഗം അനുശോചിച്ചു.