വേഗം സുഖമകട്ടെ പന്ത്!

Sunday 01 January 2023 5:17 AM IST

ഡെറാ‌ഡൂൺ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്ന വിക്കറ്ര് കീപ്പർ ബാറ്രർ റിഷഭ് പന്തിന്റെ പരിക്കുകൾ ഭേദമാകാൻ കുറഞ്ഞത് മൂന്ന് മാസം മുതൽ ആറ് മാസംവരെ സമയമെടുക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കി. നെറ്റിയിൽ രണ്ട് മുറിവുകളും വലതുകാലിന്റെ ലിഗ്മെന്റിന് ക്ഷതവും സംഭവിച്ചിട്ടുണ്ടെന്നും വലതു കൈക്കുഴ,​ കണങ്കാൽ,​ കാൽവിരൽ,പുറം എന്നിവിടങ്ങളിലെല്ലാം പരിക്കുണ്ടെന്നും ബി.സി.സി.ഐ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ലിഗ്മെന്റ് സംബന്ധമായ പ്രശ്നങ്ങൾ മാറാനാണ് കൂടുതൽ സമയം വേണ്ടതെന്നും ഋഷികേശ് എയിംസിലെ സ്പോർട്സ് ഇഞ്ച്വറി വിഭാഗത്തിലെ ഡോക്ടർ ക്വമർ അസം വ്യക്തമാക്കി. ഫെബ്രുവരിയിലെ ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പന്തിന് നഷ്ടമാകും. ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്ടൻ കൂടിയായ പന്തിന് ഈ ഐ.പി.എൽ സീസണും നഷ്ടമായേക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്ത്. ജീവന് അപകടമാകുന്ന തരത്തിലുള്ള ഒരുപരിക്കുകളും പന്തിനില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പന്തിന്റെ അമ്മ ആശുപത്രിയിൽ ഒപ്പമുണ്ട്. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ ആവശ്യമായി വന്നാൽ പന്തിനെ ഡൽഹിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

പന്ത് മദ്യപിച്ചിരുന്നില്ല,​ അമിത വേഗതയുമില്ലായിരുന്നു,

അപകടസമയത്ത് പന്ത് മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും കാർ അമിത വേഗതയിൽ അല്ലായിരുന്നുവെന്നും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശ് അതിർത്തി മുതൽ അപകടസ്ഥലം വരെയുള്ള സ്പീഡ് ക്യാമറകൾ പരിശോധിച്ചു, പന്തിന്റെ കാർ ദേശീയപാതയിലെ 80 കിലോമീറ്റർ വേഗത പരിധി കടന്നില്ല. സിസി ടിവി ദൃശ്യങ്ങളിൽ, ഡിവൈഡറിൽ ഇടിച്ച ശേഷം കാർ ഉയർന്നു പൊങ്ങിയതിനാലാണ്‌ അമിതവേഗതയിലായിരുന്നുവെന്ന് തോന്നുന്നത്. - ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. റൂർക്കിയിൽ പ്രഥമശുശ്രൂഷ നൽകിയ ഡോക്ടറും പന്ത് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ക്രിക്കറ്റ് കാണാറില്ല, പന്തിനെ മനസിലായില്ല

ക്രിക്കറ്റ് കളി കാണാറില്ലാത്തതിനാൽ റിഷഭ് പന്തിനെ ആദ്യം മനസിലായില്ലെന്ന് താരത്തെ രക്ഷപ്പെടുത്തിയവരിൽ പ്രധാനിയായ ബസ് ഡ്രൈവർ സുശീൽ കുമാർ‌ പറഞ്ഞു. ഡിവൈഡറിൽ ഇടിച്ചശേഷം കാർ മലക്കം മറിഞ്ഞുവന്നും ബസിനടിയിലേക്ക് ഇടിച്ചുകയറുമോയെന്ന് പേടിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. കാറിൽ നിന്നെടുുമ്പോൾലപന്തിന് ബോധമുണ്ടായിരുന്നുവെന്നും അമ്മയെ വിളിക്കാൻ അദ്ദേഹം ഫോൺ നൽകിയെന്നും സുശീൽ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനെത്തിയ മറ്റുള്ളവർ പറ‌ഞ്ഞപ്പോഴാണ് പന്തിനെ തിരിച്ചറിയാനായത്. കാറിൽ 8000 രൂപയോളം അടങ്ങിയ പേഴ്സുണ്ടായിരുന്നു. ആംബുലൻസിൽ കയറ്റുമ്പോൾ ആ പഴ്സും കൈമാറിയിരുന്നതായി സുശീൽ അറിയിച്ചു. സുശീലിനേയും കണ്ടക്ടർ പരംജീത്തിനേയു ഉത്തരാഖണ്ഡ് പൊലീസ് ആദരിച്ചിരുന്നു. വി.വി.എസ് ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ സുശീലിന് സോഷ്യൽ മീഡിയയിലൂടെ നന്ദി പറഞ്ഞിരുന്നു.