ടി പി വധക്കേസ് പ്രതി കിർമ്മാണി മനോജിനെ കണ്ണൂർ ജയിലിലേക്ക് മാറ്റും; നടപടിയ്‌ക്ക് കാരണമായത് ഈ ആവശ്യം
Sunday 01 January 2023 5:20 PM IST
കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കിർമ്മാണി മനോജിനെ ജയിൽ മാറ്റുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂർ ജയിലിലേക്കാണ് മാറ്റുന്നത്. പ്രായമായ മാതാവിന് ജയിലിൽ വന്നുകാണാൻ സൗകര്യത്തിനാണ് ജയിൽ മാറ്റം. ഇക്കാര്യം ആവശ്യപ്പെട്ട് കിർമ്മാണി മനോജ് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച് ജയിൽ ഡയറക്‌ടർ മനോജിനെ ജയിൽ മാറ്റാൻ ഉത്തരവിറക്കുകയായിരുന്നു.
ആർഎംപി സ്ഥാപകനേതാവായ ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിൽ നിലവിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുകയാണ് കിർമ്മാണി മനോജ്. കേസിൽ ആകെ 10 പ്രതികൾ ഈ ശിക്ഷയനുഭവിക്കുന്നുണ്ട്. ആർഎസ്‌എസ് പ്രവർത്തകനും തലശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജകുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും കിർമ്മാണി മനോജ് പ്രതിയാണ്.