ടൈറ്റാനിയം തട്ടിപ്പ്: കൊല്ലം സ്വദേശികളിൽ നിന്ന് 15 ലക്ഷം വാങ്ങിയെന്ന് പുതിയ പരാതി
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്ത മുഖ്യആസൂത്രകരിൽ ഒരാളും കേസിലെ മൂന്നാം പ്രതിയുമായ ശ്യാംലാലിനെ കോടതി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
അതേസമയം, ശ്യാംലാൽ അറസ്റ്റിലായതറിഞ്ഞതോടെ കൊല്ലം പരവൂർ, ചാത്തന്നൂർ സ്വദേശികളായ മൂന്നു പേർ പുതിയ പരാതിയുമായി അന്വേഷണ സംഘത്തെ സമീപിച്ചു. ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ശ്യാംലാൽ 15 ലക്ഷത്തോളം രൂപ ഇവരിൽ നിന്ന് തട്ടിയെടുത്തതായാണ് പരാതി. വലിയതുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പണം ഇടപാട് നടന്നതിനാൽ അവിടെ പരാതി നൽകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചു.
തിരുവനന്തപുരം നഗരത്തിലും പുറത്തുമായുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 14 കേസുകളിലും ശ്യാംലാൽ പ്രതിയാണ്. കമ്പനിയുടെ ലീഗൽ ഡി.ജി.എം ശശികുമാരൻ തമ്പിയും താനുമുൾപ്പെടെയുള്ളവർ കൂട്ടായിട്ടാണ് തട്ടിപ്പ് നടത്തിയതെന്ന് ശ്യാംലാൽ സമ്മതിച്ചെങ്കിലും പണമിടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. കേസിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെ ആളാണ് ശ്യാംലാൽ. ഇടനിലക്കാരനായി പ്രവർത്തിച്ച അഭിലാഷാണ് ആദ്യം അറസ്റ്റിലായത്.
കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ ജ്യോതിയെ നേരത്തെ വെഞ്ഞാറമൂട് പൊലീസും അറസ്റ്റ് ചെയ്തിരുന്നു. ടൈറ്റാനിയത്തിൽ ജോലി നൽകാമെന്ന പേരിൽ ഒന്നരക്കോടിയോളം രൂപ ഇവർ പലരിൽ നിന്നായി തട്ടിയെടുത്തതായാണ് പരാതി. ദിവ്യയുടെ ഭർത്താവ് രാജേഷും കേസിൽ പ്രതിയാണ്. മാസം 75,000 രൂപ ശമ്പളത്തിൽ ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് ഉൾപ്പെടെയുള്ള തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
കേസിലെ മുഖ്യപ്രതിയായ ശശികുമാരൻ തമ്പി ഉൾപ്പെടെ ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി അന്വേഷണസംഘം ജില്ലയ്ക്കകത്തും പുറത്തും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.