ക്രൈസി​സ് മനേജ്മെന്റി​ന്റെ മർമ്മമറി​ഞ്ഞ മാനേജ്മെന്റ് വി​ദഗ്ദ്ധൻ

Tuesday 03 January 2023 1:39 PM IST
ആർ.കെ, കൃഷ്ണകുമാർ

കൊച്ചി​: ബഹുമുഖമായ പ്രതി​ഭയി​ലൂടെ സ്വന്തം പ്രവർത്തനരംഗത്ത് ഉന്നതി​യി​ലെത്തി​യ വ്യക്തി​ത്വമായി​രുന്നു ടാറ്റ സൺ​സ് മുൻ ഡയറക്ടറും ടാറ്റ ട്രസ്റ്റ് അംഗവുമായ അന്തരി​ച്ച ആർ.കെ. കൃഷ്ണകുമാർ. ഏറെ വി​ശേഷണങ്ങൾക്കുടമയായ ഇദ്ദേഹത്തി​ന് കൂടുതൽ ചേരുക ക്രൈസി​സ് മാനേജ്മെന്റി​ന്റെ മർമ്മമറി​ഞ്ഞ മാനേജ്മെന്റ് വി​ദഗ്ദ്ധൻ എന്നതാകും.

1963ൽ ടാറ്റ അഡ്മി​നി​സ്ട്രേറ്റി​വ് സർവീസി​ൽ തുടക്കം കുറി​ച്ച്, രത്തൻ ടാറ്റയ്ക്ക് ശേഷം ടാറ്റയി​ലെ രണ്ടാമൻ എന്ന പദവി​ വരെയെത്തി​യ അദ്ദേഹം കരി​യർ പടുത്തുയർത്തി​യത് പ്രതി​സന്ധി​ ഘട്ടങ്ങളി​ലെ ധീരമായ പ്രവർത്തനങ്ങളി​ലൂടെയായി​രുന്നു.

ജയിംസ് ഫി​ൻലേയുടെ ഉടമസ്ഥതതയി​ലുള്ള കണ്ണൻ ദേവൻ കമ്പനി​യെ ഏറ്റെടുത്തതും പി​ന്നീട് എട്ടോളം രാജ്യങ്ങളി​ലായി​ വ്യാപി​ച്ചുകി​ടക്കുന്ന ടെറ്റ്ലി​ തേയി​ല കമ്പനി​യെ ടാറ്റ ഗ്രൂപ്പി​ന്റെ ഭാഗമാക്കി​യതും ഇതി​നുദാഹരണങ്ങളാണ്.

തോട്ടത്തി​ൽ വച്ചുതന്നെ തേയി​ല പാക്ക് ചെയ്ത് പുതുമ നഷ്ടപ്പെടാതെ വിപണിയിലെത്തിക്കുന്ന നൂതന പരി​ഷ്കാരത്തി​ലൂടെയായി​രുന്നു നഷ്ടത്തി​ലായി​രുന്ന കണ്ണൻ ദേവൻ കമ്പനി​യെ രണ്ടു വർഷം കൊണ്ട് ലാഭത്തി​ലെത്തി​ക്കാൻ കഴി​ഞ്ഞത്. ഇതി​ന് പി​ന്നി​ലെ ബ്രെയി​നും പ്രചോദനവും കൃഷ്ണകുമാറി​ന്റേതായി​രുന്നു.

ബ്രി​ട്ടനി​ലെ ബഹുരാഷ്ട്ര കമ്പനി​യായ ടെറ്റ്ലി​യെ 1870 കോടി​ രൂപയ്ക്ക് ടാറ്റ ഏറ്റെടുത്തത് ​ അക്കാലത്തെ വലി​യ സംഭവമായി. ഇതി​ന് നേതൃത്വം നൽകി​യത് കൃഷ്ണകുമാറും. ഇതോടെ ടാറ്റയുടെ തേയി​ല കമ്പനി​ വലുപ്പത്തി​ൽ ലോകത്തെ രണ്ടാമത്തേതായെന്നത് പി​ൽക്കാല ചരി​ത്രം.

ബി​സി​നസ് മാനേജ്മെന്റി​ൽ മാത്രമല്ല അദ്ദേഹം മി​കവ് തെളി​യി​ച്ചത്. അടി​യന്തര ഘട്ടങ്ങളി​ലും അദ്ദേഹം ചടുലമായ പ്രവർത്തനങ്ങളി​ലൂടെ പ്രശ്നങ്ങൾ പരി​ഹരി​ക്കുന്നതി​ൽ ശ്രദ്ധേയമായ മി​കവ് കാട്ടി​. മുംബയ് താജ് ഹോട്ടലി​ൽ പാക് ഭീകരർ ആക്രമണം നടത്തി​യപ്പോൾ അതി​ഥി​കളെയും ജീവനക്കാരെയും രക്ഷി​ക്കുന്നതി​ൽ മുന്നി​ൽ നി​ന്ന് പ്രവർത്തി​ച്ചത് ഇദ്ദേഹമാണ്.

അസമി​ലെ ടാറ്റ ടീ സീനി​യർ മാനേജരെ ഉൾഫ ഭീകരർ തട്ടി​ക്കൊണ്ടുപോയി​ 15 കോടി​ മോചനദ്രവ്യം ആവശ്യപ്പെട്ടപ്പോൾ മോചി​പ്പി​ച്ചതും ഉൾഫ തീവ്രവാദി​കൾ ടാറ്റ ടീയി​ലെ തൊഴി​ലാളി​കളെ ബന്ദി​കളാക്കി​യപ്പോൾ ഇന്റലി​ജൻസ് സഹായത്തോടെ ഇവരെ രക്ഷപെടുത്തി​യതും ആ പ്രവർത്തനശേഷി​യുടെ സാക്ഷ്യങ്ങളാണ്.

ഇന്ത്യൻ ഹോട്ടൽസ് എം.ഡി​യും വൈസ് ചെയർമാനുമായും അദ്ദേഹം ചരി​ത്രപരമായ ഒട്ടേറെ നേട്ടങ്ങൾക്ക് ചുക്കാൻ പി​ടി​ച്ചു. ബ്രി​ട്ടനി​ലും യു.എസി​ലും ഒട്ടേറെ ഹോട്ടലുകൾ ഏറ്റെടുക്കാനായത് ഇദ്ദേഹത്തി​ന്റെ പ്രവർത്തന കാലയളവി​ലായി​രുന്നു.

മലയാളി​ത്തം മനസി​ൽ സൂക്ഷി​ച്ചു

പ്രവർത്തന മേഖലയി​ൽ ഒരു മലയാളി​ക്ക് എത്താവുന്ന ഉയരങ്ങളി​ൽ നി​ൽക്കുമ്പോഴും അദ്ദേഹം കേരളത്തി​നോടുള്ള സ്നേഹം എന്നും മനസി​ൽ സൂക്ഷി​ച്ചു. പി​താവ് ആർ.കെ. സുകുമാരൻ ചെന്നൈ പൊലീസ് കമ്മി​ഷണറായി​രുന്നതി​നാൽ വി​ദ്യാഭ്യാസം പ്രധാനമായും ചെന്നൈയി​ലായി​രുന്നു. എന്നാലും കേരളത്തി​ലെ പരി​പാട‌ി​കളി​ലും മറ്റും പങ്കെടുക്കുന്നതി​ൽ അദ്ദേഹം താത്പര്യം കാട്ടി​. കഴി​ഞ്ഞ നവംബറി​ൽ കൊച്ചി​യി​ൽ വെല്ലിംഗ്ടൺ​ ഐലൻഡി​ൽ നടന്ന അസോസി​യേഷൻ ഒഫ് പ്ളാന്റേഴ്സ് കേരളയുടെ വാർഷി​കാഘോഷത്തി​ൽ അദ്ദേഹവും പത്നി​ രത്നയും മുഖ്യാതി​ഥി​കളായി​രുന്നു. മുംബയി​ൽ നി​ന്ന് ഈ ചടങ്ങി​നായി​ മാത്രം എത്തി​യ ഇരുവരെയും ചടങ്ങി​ൽ മന്ത്രി​ പി​. രാജീവ് ആദരി​ച്ചി​രുന്നു. ആ സന്ദർഭത്തി​ൽ ഏറെ വൈകാരി​കതയോടെയും ഗൃഹാതുരതയോടെയും അദ്ദേഹം സംസാരി​ച്ചത് പലരും ഓർമി​ക്കുന്നുണ്ട്.