അവർ വരുന്നു, സ്കൂൾ കലോത്സവത്തിന്റെ അരങ്ങുണർത്താൻ...

Tuesday 03 January 2023 12:18 AM IST
ജില്ലാ കലോത്സവ വേദിയിൽ വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ

പത്തനംതിട്ട: പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികൾ പഠിക്കുന്ന വടശേരിക്കര ഗവ. മോഡൽ റസിഡൻഷ്യൽ ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികൾ ആദ്യമായാണ് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ അരങ്ങിലെത്തിയത്. അവഹേളിച്ചവരായിരുന്നു കൂടുതൽ. അതിനാൽ കാഴ്ചക്കാർ കളിയാക്കുമോയെന്നായിരുന്നു പ്രധാന ഭയം. ജില്ലാ കലോത്സവത്തിൽ 30 മിനിറ്റ് ദൈർഘ്യമുള്ള 'അസൂയക്കാരന്റെ കണ്ണ് ' എന്ന നാടകമാണ് അവതരിപ്പിച്ചത്. നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.

സംസ്ഥാനത്തെ ട്രൈബൽ സ്കൂളുകളുടെ ചരിത്രത്തിൽ ആദ്യമായി ഇവിടെ നിന്നുള്ള സംഘം സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുകയാണ്.

നാടക മത്സരത്തിൽ പങ്കെടുക്കാൻ സ്കൂൾ അധികൃതർ ആലോചിച്ചപ്പോൾ ആദ്യം ഭയന്ന വിദ്യാർത്ഥികൾ പിന്നീട് അരങ്ങുമായി പൊരുത്തപ്പെട്ടു. വിദ്യാർത്ഥികളിൽ നിന്ന് ഓഡിഷൻ നടത്തിയാണ് പത്തുപേരെ തിരഞ്ഞെടുത്തത്. ആറ് ദിവസം കൊണ്ടാണ് നാടകം പഠിച്ചത്. രാത്രി പന്ത്രണ്ട് മണിയോളം പരിശീലനം നീളുമായിരുന്നു. ക്ലാസിൽ സംസാരിക്കുന്നത് പോലും കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലായി. ആത്മവിശ്വാസത്തിലൂടെ കളിയാക്കലുകളെയും അവഹേളനങ്ങളെയും അതിജീവിച്ചു. മുടങ്ങാതെ പരിശീലനത്തിനെത്താൻ വിദ്യാർത്ഥികൾക്ക് മടിയില്ലായിരുന്നെന്ന് പരിശീലകനും നാടകകൃത്തുമായ ബിജു മഞ്ചാടിയിൽ പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവരുടെ ചെലവ് ട്രൈബൽ വെൽഫെയർ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഫണ്ട് ക്രമീകരിച്ചാണ് നടത്തുന്നത്.

മികച്ച നടൻ

ജില്ലാ കലോത്സവത്തിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ഇൗ നാടകത്തിലെ അമർനാഥാണ്. അരവിന്ദ്, നിതിൻ പ്രശാന്ത്, വി. അഖിൽ, എബിൻ മാത്യു, അക്ഷയ് കുമാർ, ജിബി സാം, എസ്. ജിത്വിൻ, ദേവനാരായണൻ, അനന്തകൃഷ്ണൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

" നല്ല കഴിവുള്ള കുട്ടികളാണ്. നാടകത്തിലെ സംഭാഷണം ആദ്യം അവർക്ക് ബുദ്ധിമുട്ടായിരുന്നു. പിന്നീട് അത് മാറി. ചടുലമായ താളവും കൃത്യമായ അവതരണവും ഊർജ്ജസ്വലമായ പ്രകടനവുമായിരുന്നെന്ന് ജില്ലാ കലോത്സവത്തിലെ വിധികർത്താക്കൾ അഭിപ്രായപ്പെട്ടിരുന്നു. "

മുരളീധരൻ പിള്ള

അദ്ധ്യാപകൻ, വടശേരിക്കര ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ