സാമൂഹ്യ സേവനമാണ് ശരിയായ രാഷ്ട്രീയ പ്രവർത്തനം: വി.ഡി.സതീശൻ

Tuesday 03 January 2023 12:02 AM IST
കേരള എൻ.ജി.ഒ. അസോസിയേഷന്റെ സഞ്ജീവനം ഭവന പദ്ധതിയുടെ ഭാഗമായി ഇരിങ്ങണ്ണൂരിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ നിർവഹിക്കുന്നു.

നാദാപുരം: സാമൂഹ്യ സേവനമാണ് ശരിയായ രാഷ്ട്രീയ പ്രവർത്തനമെന്നും അക്രമവും കൊലപാതകവും പൊതുപ്രവർത്തനമായി കാണുന്നവർ ഒറ്റപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് രാഷ്ട്രീയ സമരങ്ങളോടൊപ്പം സാമൂഹ്യ സേവന പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തിയ കോൺഗ്രസ് പാരമ്പര്യം തിരിച്ച് കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേരള എൻ.ജി.ഒ. അസോസിയേഷന്റെ സഞ്ജീവനം ഭവന പദ്ധതിയുടെ ഭാഗമായി ഇരിങ്ങണ്ണൂരിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവകാശ പോരാട്ടങ്ങളോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച സർവീസ് സംഘടനയാണ് എൻ.ജി.ഒ.അസോസിയേഷനെന്ന് സതീശൻ പറഞ്ഞു. കോൺഗ്രസും പോഷകസംഘടനകളും ചേർന്ന് മൂവായിരത്തോളം വീടുകളാണ് പാവപ്പെട്ടവർക്ക് വേണ്ടി സംസ്ഥാനത്ത് നിർമിച്ചുനൽകിയത്. എൻ.ജി.ഒ.അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ.കെ.പ്രവീൺകുമാർ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ഉദയസൂര്യൻ, ട്രഷറർ എ.എം.ജാഫർഖാൻ, ഭാരവാഹികളായ ജി.എസ്.ഉമാശങ്കർ, തോമസ് ഹെർബിറ്റ്, രാജേഷ് ഖന്ന, വി.പി.ബോബൻ, എം.പി.ഷനീജ്,

ജില്ല പ്രസിഡന്റ് കെ.പ്രദീപൻ, സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, എം.ടി.മധു, ബിനു കോറോത്ത്, സിജു.കെ.നായർ, അനിൽകുമാർ, സ്വാഗതസംഘം കൺവീനർ എം.പി.നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement