കോയ്‌ക്കോടിന് കലാമധുരം, സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം
കോഴിക്കോട് : മൊഞ്ചുള്ള മാനാഞ്ചിറയും ഹൽവാ മണമുള്ള മിഠായിത്തെരുവും ഐസ് ഒരതിയുടെ തണുപ്പുള്ള കോഴിക്കോട് ബീച്ചും ഇനി അഞ്ച് നാൾ കൗമാര കലയുടെ രാപ്പകലുകളിൽ ലയിക്കും.
24 വേദികളിലായി പതിനയ്യായിരം താരങ്ങൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലാമാമാങ്കം ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരം ആശശരത്ത് മുഖ്യാതിഥിയാകും. സ്വർണക്കപ്പ് ഇന്നലെ വൈകിട്ട് കോഴിക്കോടെത്തിച്ചു.
കുട്ടികളുടെ രജിസ്ട്രേഷൻ ഇന്നലെ തുടങ്ങി. കലോത്സവത്തുടക്കം മുതൽ നിറഞ്ഞു കവിയുന്ന വേദികളാണ് കോഴിക്കോടിന്റെ മുൻ അനുഭവം. തിരുവാതിരയും സംഘനൃത്തവും നാടകവും ഒപ്പനയും കോൽക്കളിയുമെല്ലാം ആവേശത്തോടെ ആസ്വദിക്കും.
കൊവിഡ് തീർത്ത രണ്ടു വർഷ ഇടവേളയ്ക്ക് ശേഷം വിരുന്നെത്തുന്ന കലോത്സവത്തിന് കർശന സുരക്ഷയൊരുക്കിയിട്ടുണ്ട്. എല്ലാ വേദികളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യം. പ്രത്യേക പൊലീസ് സേന. നടത്തിപ്പിന് 21 കമ്മിറ്റികൾ.
മത്സരാത്ഥികൾക്കും രക്ഷിതാക്കൾക്കുമെല്ലാം പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചിവൈവിദ്ധ്യവും നുണയാം. ഒരേ സമയം രണ്ടായിരം പേർക്ക് ഇരിക്കാവുന്ന ഭക്ഷണശാലയാണ് ഒരുക്കിയിട്ടുള്ളത്.
ഇരുപതിനായിരം പേരെയാണ് ദിവസവും പ്രതീക്ഷിക്കുന്നത്. മത്സരാർത്ഥികൾക്ക് യാത്ര സുഖകരമാക്കാൻ 30 കലോത്സവ വണ്ടികളും സജ്ജം. താമസ സൗകര്യത്തിന് 20 സെന്ററുകളുമുണ്ട്.
ഹൈക്കോടതി നിർദ്ദേശം പൂർണമായും പാലിച്ചാണ് കലോത്സവം. അപ്പീലുകൾ പരമാവധി കുറയ്ക്കും
വി. ശിവൻകുട്ടി,
വിദ്യാഭ്യാസ മന്ത്രി
വേദികൾ : 25 മത്സരാർത്ഥികൾ : 14000 കലോത്സവ വണ്ടികൾ : 30 മാദ്ധ്യമപ്രവർത്തകർ : 1200 കമ്മിറ്റികൾ : 21 താമസ സൗകര്യം : 20 സ്കൂളുകൾ ട്രോഫികൾ : 47 മൊമന്റോ : 13000 മുഖ്യവേദി : 60000 ചതു. അടി