ശിവഗിരി തീർത്ഥാടന സർക്യൂട്ട് വേഗത്തിലാക്കും

Tuesday 03 January 2023 1:00 AM IST

വി . മുരളീധരൻ ഇടപെട്ടു

ന്യൂഡൽഹി: ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സാംസ്കാരിക - ടൂറിസം വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഢിയെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി .മുരളീധരൻ. നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ അധികൃതർക്ക് സാംസ്കാരിക മന്ത്രി നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

തീർത്ഥാടന സർക്യൂട്ട് വേഗത്തിലാക്കുമെന്ന് ശിവഗിരി തീർത്ഥാടന നവതി ഉദ്ഘാടനം ചെയ്ത പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കോർത്തിണക്കിയാണ് തീർത്ഥാടന സർക്യൂട്ട് ആവിഷ്‌കരിച്ചത്. 69.47 കോടി രൂപ കേന്ദ്രഫണ്ട് അനുവദിച്ചിട്ടുള്ള പദ്ധതി കേരളത്തിൽ തീർത്ഥാടന ടൂറിസത്തിന് വലിയ സാധ്യതകൾ തുറക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.