റോഡിലെ കുഴിയിൽപ്പെട്ട് ഓട്ടോറിക്ഷ മറിഞ്ഞു
Tuesday 03 January 2023 12:05 AM IST
കൊല്ലങ്കോട്: പല്ലാവൂർ - കുനിശ്ശേരി പാതിയിലെ കുഴിയിൽപ്പെട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറും യാത്രക്കാരും ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ പകൽ പതിനൊന്നരയോടെയാണ് അപകടം. പഴയന്നൂരിൽ നിന്നും കുനിശ്ശേരിവഴി പല്ലാവൂരിലേക്ക് സവാരിവന്ന ഓട്ടോറിക്ഷയാണ് റോഡിലെ ആഴമേറിയ കുഴിയിൽപ്പെട്ട് മറിഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
കുഴിയിൽ വെള്ളംകെട്ടി നിൽക്കുന്നതിനാൽ ആഴം തിരിച്ചറിയാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണം. ക്രിസ്മസ് അവധിക്ക് ശേഷം ഇന്നുമുതൽ സ്കൂളുകളും കോളേജുകളും തുറക്കുന്നതോടെ ഇതുവഴി നിരവധി വാഹനങ്ങൾ സർവീസ് നടത്തും. അടിയന്തരമായി റോഡിലെ കുഴികൾ അടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.