പമ്പയിൽ ഹോട്ടൽ മാലിന്യം, കണ്ടില്ലെന്ന് നടിച്ച് ആരോഗ്യ വകുപ്പ്
Tuesday 03 January 2023 12:07 AM IST
ശബരിമല : തീർത്ഥാടകർ പവിത്രമായി കാണുന്ന പമ്പയിലേക്ക് ഹോട്ടൽ മാലിന്യം ഒഴുക്കിവിടുന്നതായി പരാതി. പമ്പ ത്രിവേണി തീരത്ത് പ്രവർത്തിക്കുന്ന ചില ഹോട്ടലുകളാണ് മാലിന്യത്തിന്റെ ഉറവിടം. മലിന ജലം ഓടയിലൂടെ ത്രിവേണി ഭാഗത്തേക്ക് ഒഴുക്കുകയാണ്. ബലിതർപ്പണത്തിന് ശേഷം തീർത്ഥാടകർ മുങ്ങിക്കുളിക്കുന്ന ഭാഗത്തേക്ക് മാലിന്യം ഒഴുകിയിറങ്ങുന്നത് കാണാനാകും.
നദി മലിനമായതോടെ കോളിഫോം ബാക്ടിരിയയുടെ അളവ് വെള്ളത്തിൽ ക്രമാതീതമായി ഉയരുന്നുണ്ട്. പമ്പാതീരത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. നടപടി സ്വീകരിക്കേണ്ട ആരോഗ്യവിഭാഗവും പമ്പയിലെ മാലിന്യം കണ്ടില്ലെന്ന് നടിക്കുകയാണ്.