ദക്ഷിണ മേഖല അന്തർസർവകലാശാല ഫുട്‌ബാൾ കാലിക്കറ്റ് ജേതാക്കൾ

Tuesday 03 January 2023 12:14 AM IST

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്നുവന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല ജേതാക്കളായി. ഇന്നലെ നടന്ന അവസാന സെമിഫൈനൽ ലീഗ് മത്സരത്തിൽ എം.ജി സർവകലാശാലയുമായി 2-2ന് സമനില പാലിച്ചതോടെയാണ് മൂന്നു കളികളിൽ ഏഴ് പോയിന്റുമായി കാലിക്കറ്റ് ജേതാക്കളായത്. കണ്ണൂർ യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കേരള സർവകലാശാല ആണ് നാലാം സ്ഥാനം. കാലിക്കറ്റ് - എം.ജി മത്സരത്തിൽ ആദ്യപകുതിയുടെ 18-ാം മിനിറ്റിൽ കാലിക്കറ്റിനെ ഞെട്ടിച്ച് എം.ജിയുടെ നിംഷാദ് റോഷൻ ആദ്യ ഗോൾ നേടി. നിറം മങ്ങിയ കാലിക്കറ്റിന്റെ വലയിൽ രണ്ടാം ഗോളും എത്തി.പ്രതിരോധ നിരയുടെ മുകളിലൂടെ കടന്നെത്തിയ പന്തെടുത്ത് അദ്നാൻ 47 ാം മിനുറ്റിൽ രണ്ടാം ഗോൾ കരസ്ഥമാക്കി.

രണ്ടാം പകുതിയിൽ ഗോൾ കീപ്പറേയും രണ്ടു കളിക്കാരെയും കോച്ച് സതീവൻ ബാലൻ മാറ്റിയിറക്കി.46 ാം മിനിറ്റിൽ ഷംനാദ് കാലിക്കറ്റിനായി ആദ്യ ഗോൾ നേടി.

തുടരേയുള്ള ആക്രമണത്തിലൂടെ 54 ാം മിനിറ്റിൽ ഷംനാദിലൂടെ കാലിക്കറ്റ് സമനില ഗോൾ നേടി. അവസാന മിനിറ്റുകളിൽ ഇരു ടീമുകളും വിജയത്തിനായി ആക്രമിച്ചു കളിച്ചെങ്കിലും കാലിക്കറ്റിന്റെ പ്രതിരോധ തന്ത്രം മത്സരം സമനിലയിലാ

ക്കി.