മോക്ഡ്രിൽ ദുരന്തം: മരണവിവരം വൈകിപ്പിച്ചു

Tuesday 03 January 2023 12:15 AM IST

പത്തനംതിട്ട : മല്ലപ്പള്ളിയിൽ മോക്ഡ്രില്ലിനിടെ മണിമലയാറ്റിൽ മുങ്ങി ചെളിയിൽ പുതഞ്ഞ തുരുത്തിക്കാട് കാക്കരക്കുന്നേൽ ബിനു സോമനെ (34) കരയ്ക്കെത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചിരുന്നെങ്കിലും അധികൃതർ മരണവിവരം സ്ഥിരീകരിക്കുന്നത് വൈകിപ്പിച്ചു. ബിനുവിന് നാഡിമിടിപ്പുണ്ടെന്നും വെന്റിലേറ്റർ ഘടിപ്പിച്ച് ചികിത്സ നൽകിയിരിക്കുകയാണെന്നുമാണ് വൈകുംവരെയും അധികൃതർ അറിയിച്ചിരുന്നത്. 29ന് രാത്രി എട്ടുമണിയോടെയാണ് മരണവിവരം പുറത്തുവിട്ടത്. അടിയന്തര രക്ഷാ പ്രവർത്തനത്തിനുള്ള സുരക്ഷാസംവിധാനങ്ങളുട‌െയും സേനകളുടെയും കൺമുന്നിൽ യുവാവ് മരണപ്പെട്ടതോടെ പ്രതിക്കൂട്ടിലായ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ, സംഭവം നടന്ന് ഒരാഴ്ചയാകാറായിട്ടും നടപടിയില്ല. ഉന്നതതല അന്വേഷണം നടക്കുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

ബിനുസോമനെ കരയിലെത്തിക്കുന്നതിന് മുൻപേ ജീവൻ നഷ്ടപ്പെട്ടിരുന്നതായി ആശുപത്രിയിലേക്ക് കൊണ്ടുപോയവർ പറയുന്നു. ആശുപത്രിയിലെത്തിച്ച് വെന്റിലേറ്റർ ഘടിപ്പിച്ച് കൃത്രിമ ജീവൻ നൽകി മരണവിവരം വൈകിപ്പിക്കലായിരുന്നു ഉദ്യോഗസ്ഥരുടെ തന്ത്രം.

രണ്ടു കാരണങ്ങൾ

ഉടനെ മരണവിവരം പുറത്തുവിടാതിരുന്നത് രണ്ട് കാരണങ്ങളാലാണ്.

1. പ്രദേശവാസികളിൽ നിന്ന് പ്രതിഷേധം ഉയരാതെ മോക്ഡ്രില്ലിന് എത്തിയ ഉദ്യോഗസ്ഥർക്ക് ഉപകരണങ്ങളുമായി മടങ്ങാനുള്ള സാവകാശം നൽകുക.

2. സംസ്ഥാനത്ത് 29ന് ഒരേ സമയം എഴുപത് കേന്ദ്രങ്ങളിലാണ് മോക്ഡ്രിൽ നടന്നത്. മല്ലപ്പള്ളിയിലെ മരണം പുറത്തറിഞ്ഞാൽ മറ്റ് മോക്ഡ്രില്ലുകളും മുടങ്ങിയേക്കുമെന്ന ആശങ്ക.

7 മിനിട്ടിനുള്ളിൽ മരണം, പിന്നെങ്ങനെ 40 മിനിട്ട്

ഒരാൾ വെള്ളത്തിൽ മുങ്ങിയാൽ ഒാക്സിജൻ ലഭിക്കാതെ ഏഴ് മിനിട്ടിനുള്ളിൽ മരണം സംഭവിക്കാമെന്നാണ് രക്ഷാസേനകളുടെ നിഗമനം. വെള്ളത്തിൽ മുങ്ങുകയും ചെളിയിൽ പുതയുകയും ചെയ്ത ബിനു സോമനെ നാൽപ്പത് മിനിട്ടിന് ശേഷമാണ് കണ്ടെടുത്തത്. ഇത്രയും നേരം ബിനു സോമൻ ജീവനോടെയിരുന്നുവെന്ന വാദം വിശ്വസനീയമല്ലെന്നാണ് ഒപ്പം വെളളത്തിലിറങ്ങിയവരും പറയുന്നത്.

Advertisement
Advertisement