മുസ്ലീം ലീഗുമായി ഇടഞ്ഞു: കോ-ഓർഡിനേഷൻ യോഗം ബഹിഷ്‌കരിച്ച് മുജാഹിദ്
കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനാനന്തരം മുസ്ലീംലീഗ്-മുജാഹിദ് അടി തുടങ്ങി. ലീഗ് വിളിച്ചുചേർത്ത മുസ്ലീം കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ നിന്ന് മുജാഹിദ് പ്രസ്ഥാനം വിട്ടുനിന്നു. മുജാഹിദ് സമ്മേളനത്തിന് ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളടക്കം പാണക്കാട് കുടുംബാംഗങ്ങൾ വിട്ടുനിന്നതിന്റെ പ്രതിഷേധ സൂചകമായിട്ടാണിതെന്ന് കെ.എൻ.എം നേതാക്കൾ തുറന്നടിച്ചു.
സാദിഖലി ശിഹാബ്തങ്ങളെ കൂടാതെ മുനവറലി, റഷീദലി ശിഹാബ് തങ്ങളടക്കമുള്ളവർക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ഇവരാരും പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നിൽ സമസ്തയാണെന്നും, സമസ്ത നേതൃത്വം നൽകുന്ന ഒരു പരിപാടിയിലേക്ക് സമയം കളയാൻ വെറുതേ വന്നിരിക്കേണ്ട ആവശ്യമില്ലെന്നും കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എം.ഐ.അബ്ദുൽ മജീദ് സ്വലാഹി പറഞ്ഞു.
കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന എ.പി.വിഭാഗം ലീഗ്-സമസ്ത വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നത് പതിവില്ലെങ്കിലും, മുജാഹിദ് വിഭാഗം പങ്കെടുക്കാതിരുന്നത് ചർച്ച ചെയ്യപ്പെട്ടു. നാലു ദിവസം നീണ്ട മുജാഹിദ് സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഏറ്റവും കൂടുതൽ നേതാക്കളെത്തിയത് ഇടതുപക്ഷത്ത് നിന്നാണെന്നതും മുജാഹിദ് സമ്മേളനത്തെ ശ്രദ്ധേയമാക്കിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ചാഞ്ചാടിക്കളിച്ചിരുന്ന മുജാഹിദ് പ്രസ്ഥാനത്തെ കൂടെ നിറുത്താൻ ലീഗ് നേതാക്കൾ പെടാപ്പാട് പെടുന്നതിനിടെ ലീഗ് വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും മുജാഹിദ് നേതാക്കൾ വിട്ടുനിന്നത് യു.ഡി.എഫ് നേതൃത്വത്തെയും അങ്കലാപ്പിലാക്കി.
രൂക്ഷമായ ഭാഷയിലാണ് കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി ലീഗിനെ വിമർശിച്ചത്. മുസ്ലീംലീഗിന് നേതൃത്വം നൽകുന്ന പാണക്കാട് കുടുംബത്തെ ഭീഷണിപ്പടുത്തി മുജാഹിദ് സമ്മേളനത്തിൽ നിന്നും അകറ്റുന്ന സാഹചര്യത്തിൽ ചില വിട്ടുനിൽക്കലുകൾ നമുക്കും ആകാമല്ലോയെന്നും തങ്ങൾമാരെ തടവറയിൽ നിന്നും മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാഠ്യ പദ്ധതി : വിവാദ
വിഷയങ്ങൾ ഒഴിവാക്കണം
പാഠ്യപദ്ധതി ചട്ടക്കൂടിൽനിന്ന് വിവാദ വിഷയങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് കോഴിക്കോട് ചേർന്ന മുസ്ലീംനേതൃസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ചട്ടക്കൂടിലെ ജെൻഡർ സാമൂഹ്യ നിർമ്മിതിയാണെന്ന പദം നീക്കണം. ധാർമികമൂല്യങ്ങൾ തകർക്കുന്ന ഭാഗങ്ങളും മതനിരാസ ചിന്താഗതികളും പൂർണമായും ഒഴിവാക്കണം. വിവാദ വിഷയങ്ങൾ ചട്ടക്കൂടിൽനിന്ന് നീക്കം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണം. സംവരണത്തിന്റെ അടിസ്ഥാനം സാമൂഹ്യനീതിയാണ്. പൗരത്വനിയമം നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം. ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് രാജ്യം വീണ്ടും സാക്ഷിയാകുമെന്നും യോഗം വ്യക്തമാക്കി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി.