ജടായു പാറയിലെ ടൂറിസം തടസ്സപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി

Tuesday 03 January 2023 12:00 AM IST

ന്യൂഡൽഹി:ചടയമംഗലം ജടായു പാറയിലെ വിനോദ സഞ്ചാരം തടസ്സപ്പെടുത്താനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. പദ്ധതികളുടെ ദൈനം ദിന ചെലവുകൾക്ക് ആവശ്യമായ തുക ചെലവഴിക്കുന്നതിന് അനുമതിക്കായി നാഷണൽ ലാ ട്രിബ്യൂണലിനെ(എൻ.സി.എൽ.ടി) സമീപിക്കാനും ഹർജിക്കാർക്ക് നിർദേശം നൽകി. അപേക്ഷ ലഭിച്ച് പത്ത് ദിവസത്തിനകം തീരുമാനമെടുക്കണം.

. ജടായു പാറ വിനോദ സഞ്ചാര പദ്ധതിയിൽ നിന്ന്‌ ലഭിക്കുന്ന മുഴുവൻ തുകയും പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന എൻ.സി.എൽ.ടി ഉത്തരവിനെതിരെ രാജീവ് അഞ്ചൽ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജടായു പാറ ടൂറിസം പദ്ധതിയിൽ നിന്ന് ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നും, ഈ തുക പദ്ധതിയുടെ ഒരാവശ്യങ്ങൾക്കും ചെലവഴിക്കരുതെന്നും എൻ.സി.എൽ.ടി വ്യക്തമാക്കിയിരുന്നു. എന്നാൽ,ഒട്ടേറെ പണം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയതെന്നും വരുമാനെ മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാതിരുന്നാൽ പദ്ധതി നിറുത്തി വയ്ക്കേണ്ടി വരുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

ബി.ഒ.ടി അടിസ്ഥാനത്തിൽ അനുവദിച്ച പദ്ധതി രാജീവ് അഞ്ചലിന്റെ ഉടമസ്ഥതയിലുള്ള ഗുരുചന്ദ്രിക ബിൽഡേഴ്സ് ആന്റ് പ്രോപ്പർട്ടീസിനാണ് കരാർ നൽകിയത്. പദ്ധതിയുടെ ഭാഗമായി നിക്ഷേപകരെ ഉൾപ്പെടുത്തി ജടായു ടൂറിസം എന്ന കമ്പനി രൂപീകരിച്ചിരുന്നു. ഈ കമ്പനിയിലെ നിക്ഷേപകർക്കിടയിലെ തർക്കമാണ് എൻ.സി.എൽ.ടിയിലെത്തിയത്.

Advertisement
Advertisement