ബൈൻഡിംഗിൽ തിളങ്ങി ബൈൻഡർ ഉണ്ണിച്ചേട്ടൻ

Tuesday 03 January 2023 12:24 AM IST

മല്ലപ്പള്ളി :കടലാസുകൾ തുന്നിച്ചേർത്ത് ബൈൻഡിംഗിൽ വിസ്മയം തീർത്ത് വിഎം മാത്യു. 84 വയസ് പിന്നിട്ടിട്ടും 66 വർഷമായി തുടരുന്ന ചിട്ടവട്ടങ്ങൾക്കും പ്രവർത്തികൾക്കും ഇന്നും മുടക്കമില്ലാതെ തുടരുന്നു. ബൈൻഡിംഗ് ജോലികൾ നൂതന സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ ഗണ്യമായി കുറഞ്ഞെങ്കിലും വട്ടപ്പാറ വി.എം.മാത്യു എന്ന ബൈൻഡർ ഉണ്ണിച്ചേട്ടനെ അത് ബാധിച്ചിട്ടില്ല. മുൻപ് ബാങ്കുകളുടെയും വായനശാലകളുടെയും നിരവധി പേപ്പറുകളും വിദ്യാർത്ഥികളുടെ റെക്കാഡ് ബുക്കുകളുമാണ് ഇവിടെ ബൈൻഡു ചെയ്തിരുന്നത്. ഇപ്പോൾ ഏറെയും എത്തുന്നത് ബൈബിളുകളും വേദഗ്രന്ഥങ്ങളുമാണ്.

നൂലിഴകൾ പൊട്ടിയ പുസ്തകങ്ങൾ വീണ്ടും തുന്നിച്ചേർത്ത് കാലിക്കോയും പശയും കാർഡ്ബോർഡും ചേർത്ത് ഒട്ടിച്ച് കട്ടിംഗ് മെഷീനിൽ അരികു മിനുക്കി പുതുമോടിയിലാക്കുന്നു. ആവശ്യക്കാർക്ക് ഇതിന് പുറംചട്ടയായി തുകൽ ആവരണവും ഇട്ടുനൽകും. സ്പൈറൽ ബൈൻഡിംഗ് ആവശ്യമെങ്കിൽ അതും ഇവിടെയുണ്ട്. പകൽ സമയത്ത് ജോലിചെയ്യുന്നതിന് ഇദ്ദേഹത്തിന് കണ്ണടയും ആവശ്യമില്ല.

54 പുസ്തകങ്ങൾ വരെ ഒരുദിവസം

ആദ്യകാലങ്ങളിൽ 54 പുസ്തകങ്ങൾ വരെ ഒരുദിവസം പൂർത്തിയാക്കുമായിരുന്നു. ഇപ്പോൾ പത്തിൽ താഴെ മാത്രമേ ചെയ്യാൻ കഴിയുന്നുള്ളു. സമീപ ജില്ലയിൽ നിന്നും വരെ പുസ്തകങ്ങളുമായി ബൈൻഡിംഗ് ഇവിടെ ഇപ്പോഴും ആളുകളെത്തുന്നുണ്ട്. മക്കൾ വിവാഹശേഷം കുടുംബമായി മറ്റിടങ്ങളിലാണ് താമസം. എന്നും താങ്ങായി നിന്ന ഭാര്യ ഒരുവർഷം മുൻപ് മരിച്ചു. ഉണ്ണിച്ചേട്ടൻ ഇപ്പോൾ ഒറ്റയ്ക്കാണു താമസമെങ്കിലും ദിനചര്യകൾക്കൊന്നും മാറ്റമില്ല.രാവിലെ 9 മുതൽ 5 വരെ ജോലികളിൽ കൃത്യമായി മുഴുകും. ആവശ്യക്കാരെത്തിയാൽ ഫോട്ടോ ഫ്രെയിം ചെയ്യുന്നതിനും സംവിധാനമുണ്ട്. 65-ാം വയസിലാണ് ഡ്രൈവിംഗ് പഠിച്ചതെങ്കിലും ഞായറാഴ്ചകളിൽ സ്കൂട്ടറിൽ പള്ളിയിലേക്കുള്ള യാത്ര മുടക്കാറില്ല. അന്ന് മാത്രമാണ് ബൈൻഡിംഗ് ശാലയ്ക്ക് അവധിയുള്ളത്.

..........................

വിളിപ്പേരിനൊപ്പം തൊഴിൽപ്പേരും ചേർന്നു നാട്ടുകാരുടെ

ബൈൻഡർ ഉണ്ണിച്ചേട്ടൻ എന്ന വിളിയാണ് ഇന്നും പ്രചോദനം നൽകുന്നത്.