വന്യമൃഗശല്യം; ബി.ജെ.പിയുടെ അനിശ്ചിതകാല ഉപവാസം ഇന്നുമുതൽ

Tuesday 03 January 2023 12:24 AM IST

പാലക്കാട്: വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്. ആദ്യഘട്ടമായി ഇന്നുമുതൽ ഒലവക്കോട് ആരണ്യം ഓഫീസിന് മുന്നിൽ അനിശ്ചിതകാല ഉപവാസം ആരംഭിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു. മുണ്ടൂർ മുതൽ വാളയാർ വരെയുള്ള പഞ്ചായത്തുകളിൽ സ്ഥിതി അത്യന്തം രൂക്ഷമാണ്. 14-ഓളം പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി. സന്ധ്യമയങ്ങിയാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാർഷികവിളകൾ നശിക്കുമ്പോഴും കർഷകർ കൊല്ലപ്പെടുമ്പോഴും സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ജില്ലയിൽ നിന്ന് രണ്ട് മന്ത്രിമാർ ഉണ്ടായിട്ടും അവർ ഇക്കാര്യത്തിൽ പരാജയപ്പെട്ടിരിക്കുകയാണ്. വൈദ്യുതിവേലി കെട്ടുന്നതിലും ട്രഞ്ച് കുഴിക്കുന്നതിലും മറ്റുമായി കേന്ദ്രം 350 കോടി രൂപ അനുവദിച്ചിട്ടും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. തികച്ചും അലംഭാവനയമാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. പദ്ധതികളെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്. ഇനിയും ഇത് കണ്ടുനിൽക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. ഏറ്റവും ഒടുവിലായി ശിവരാമൻ എന്നയാൾ പ്രഭാതസവാരിക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചപ്പോൾ കുടുംബത്തെ സഹായിക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ തിരിഞ്ഞുപോലും നോക്കാത്ത സ്ഥിതിയാണ്. ജനങ്ങളെ വഞ്ചിക്കുന്ന സി.പി.എമ്മിന്റെ കള്ളത്തരം തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, മലമ്പുഴ മണ്ഡലം പ്രസിഡന്റ് ജി.സുജിത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പി.ടി 7നെ പിടികൂടാൻ വയനാട്ടിൽ നിന്നുള്ള എലിഫന്റ് സ്‌ക്വാഡ് നാളെയെത്തും

പാലക്കാട്: ധോണി മേഖലയിൽ ഭീതി പരത്തുന്ന പി.ടി 7 എന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ വയനാട്ടിൽ നിന്നുള്ള സംഘം നാളെ ജില്ലയിലെത്തും. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പിടികൂടിയ ശേഷം ആനയെ ധോണി ആന ക്യാമ്പിൽ കൂടൊരുക്കി നിറുത്തുന്നതിനും ഉത്തരവായിട്ടുണ്ട്. ഇതിനായുള്ള പ്രത്യേക കൂടും സംഘം സജ്ജീകരിക്കും.

വയനാട്ടിൽ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകൾ ഉൾപ്പെട്ട 26 അംഗ എലിഫന്റ് സ്‌ക്വാഡാണ് എത്തുന്നതെന്ന് പാലക്കാട് ഡി.എഫ്.ഒ ബി.രഞ്ജിത്ത് അറിയിച്ചു. സ്‌ക്വാഡിനൊപ്പം ചീഫ് വെറ്റിനറി ഓഫീസർ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ, എലിഫന്റ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസർ എന്നിവരുമുണ്ടാകും. കൂടൊരുക്കുന്നതിന് നടപടികൾ ആരംഭിച്ചതായും പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു.

Advertisement
Advertisement