പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 90 പവന്റെ കവർച്ച: മറുനാടൻ സംഘങ്ങളെന്ന് സംശയം

Tuesday 03 January 2023 1:29 AM IST

തൃശൂർ: കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 90 പവന്റെ സ്വർണ്ണാഭരണം കവർന്ന കേസിൽ അന്വേഷണം പ്രദേശത്തെ നിരീക്ഷണകാമറകളിൽ തെളിഞ്ഞ അപരിചിതരെ കേന്ദ്രീകരിച്ച്. ഇവർ അന്യസംസ്ഥാന കവർച്ചാ സംഘങ്ങളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു മോഷണം. രണ്ട് മണിക്കൂറിലേറെ മോഷ്ടാക്കൾ വീട്ടിൽ ചെലവഴിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. ശാസ്ത്രിജി നഗറിലെ പ്രശാന്തിയിൽ രാജന്റെ വീട്ടിൽ ഞായറാഴ്ചയായിരുന്നു കവർച്ച. തളിക്കുളത്ത് വിവാഹത്തിൽ പങ്കെടുത്ത ശേഷം രാജന്റെ ഭാര്യ ദേവി മൂന്നോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് അലമാരയിലെ സാധനങ്ങൾ വലിച്ചിട്ട നിലയിൽ കണ്ടത്.

പരിചയമുള്ളവരാകാം മോഷ്ടാക്കളെന്നാണ് വീട്ടുകാർ നൽകിയ വിവരം. രാജന്റെ വീട്ടിൽ നാല് കിടപ്പുമുറികളാണുള്ളത്. ഈ നാല് മുറികളിലെയും അലമാരകളെല്ലാം പരിശോധിച്ചിട്ടുണ്ട്. ഇവരുടെ മകൻ ഉപയോഗിക്കാറുള്ള അലമാര തുറന്ന് നോക്കിയിട്ടുണ്ടെങ്കിലും അതിൽ കൂടുതൽ സാധനങ്ങളില്ലാത്തതിനാൽ ഒന്നും പുറത്തേക്ക് വലിച്ചിട്ടിട്ടില്ല. പിൻവശത്തെ വാതിലിന് ബലക്ഷയമുണ്ടായിരുന്നു. ഇത് അകത്തുകടക്കുന്നത് എളുപ്പമാക്കി.

തളിക്കുളത്തെ ബന്ധുവീട്ടിലേക്ക് പോയ രാജന്റെ ഭാര്യ ദേവി തിരിച്ചെത്തിയപ്പോൾ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടിരുന്നു. ഫാനും ലൈറ്റും പ്രവർത്തിപ്പിച്ച നിലയിലായിരുന്നു. അടുക്കളയുടെ ഗ്രില്ല് തുറന്നാണ് മോഷ്ടാവ് പുറത്തുപോയത്. തൃശൂർ റോഡിൽ നിന്ന് 500 മീറ്ററോളം ഉള്ളിലേക്ക് നീങ്ങിയാണ് മോഷണം നടന്ന വീട്. സമീപത്ത് വീടുകളുണ്ടെങ്കിലും ഇവിടേക്ക് ശ്രദ്ധ കിട്ടില്ല. കവർച്ചാസംഘം നേരത്തെ ഈ ഭാഗത്തെത്തി വഴികളും മറ്റും മനസിലാക്കിവെച്ചിരിക്കാമെന്ന് കരുതുന്നു. ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. മണം പിടിച്ച നായ തൃശൂർ റോഡ് വരെയെത്തി. കോളേജ് പ്രൊഫസറായിരുന്ന രാജൻ എത്യോപ്യയിലാണ്. മക്കൾ തിരുവനന്തപുരത്തും ഒഡീഷയിലും എം.ബി.ബി.എസ് വിദ്യാർത്ഥികളാണ്. എൽ.ഐ.സിയിൽ ഉദ്യോഗസ്ഥയായ ദേവി തനിച്ചായിരുന്നു കുറച്ചുനാളായി താമസം. തൃശൂർ സിറ്റി പൊലീസിന്റെയും കുന്നംകുളം എ.സി.പിയുടെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Advertisement
Advertisement