കുസാറ്റ്: ഹാജരിന്റെ അടിസ്ഥാനത്തിലുള്ള ഇന്റേണൽ മാർക്കിന് മാർഗനിർദ്ദേശങ്ങൾ വേണമെന്ന് സമിതി

Tuesday 03 January 2023 12:36 AM IST

കൊച്ചി: വിദ്യാർത്ഥികൾക്ക് ഹാജരിന്റെ അടിസ്ഥാനത്തിൽ ഇന്റേണൽ മാർക്ക് നൽകാൻ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ വേണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നിയോഗിച്ച വിദഗ്ദ്ധസമിതി കുസാറ്റിന് ശുപാർശ നൽകി. തിരുവനന്തപുരം മരിയൻ കോളേജ് ഒഫ് ആർക്കിടെക്‌ചർ ആൻഡ് പ്ളാനിംഗിലെ വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് വിഷയം പരിഗണിക്കാൻ വിവിധ വകുപ്പുകളിലെ അദ്ധ്യാപകർ ഉൾപ്പെട്ട സമിതിക്ക് രൂപംനൽകിയത്.

ഒരു വിഷയത്തിന് 75 ശതമാനം മാർക്കില്ലെന്ന കാരണത്താലാണ് ഹർജിക്കാരന് ഇന്റേണൽ മാർക്ക് നിഷേധിച്ചത്. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് അവധിയെടുത്തതിനാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല. ഇതോടെ വിദ്യാർത്ഥിക്ക് വീണ്ടും പരീക്ഷ എഴുതേണ്ട സാഹചര്യമുണ്ടായി. ഇക്കാര്യങ്ങൾ വിശദീകരിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ ഇക്കാര്യം പരിഗണിക്കാൻ സമിതിയെ നിയോഗിക്കാനും ഹർജിക്കാരനടക്കമുള്ളവരെ കേട്ട് വിഷയത്തിൽ തീരുമാനമെടുക്കാനും നിർദ്ദേശിച്ചു. തുടർന്നാണ് അദ്ധ്യാപകസമിതിയെ നിയോഗിച്ചത്. ഇവർ നടത്തിയ പരിശോധനയിൽ ഹർജിക്കാരന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് പരിഗണിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഹർജിക്കാരന് സ്ഥാനക്കയറ്റം നൽകാനും ശുപാർശചെയ്തു. ഇതിനൊപ്പമാണ് ഹാജരിന്റെ അടിസ്ഥാനത്തിൽ ഇന്റേണൽമാർക്ക് നൽകാൻ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ വേണമെന്ന് വ്യക്തമാക്കിയത്.

Advertisement
Advertisement