വിഷലിപ്ത നഗരത്തിന്റെ സങ്കീർണത വെളിവാക്കി 'ടോക്‌സിസിറ്റി'

Tuesday 03 January 2023 12:34 AM IST
കൊച്ചി ബിനാലയിൽ നടക്കുന്ന ടോക്സിസിറ്റി ഇൻസ്റ്റലേഷൻ

കൊച്ചി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിലെ പ്രശസ്തമായ ലുബുംബാഷി ബിനാലെയുടെ ഇക്കൊല്ലം നടന്ന ഏഴാം പതിപ്പിൽ പ്രമേയമായ വിഷലിപ്ത നഗരത്തിന് കൊച്ചി ബിനാലെയിൽ തുടർച്ച. വിവിധ ജീവിതതലങ്ങളെ അതിസങ്കീർണ്ണമായി ബാധിച്ച അവസ്ഥയെന്ന നിലയ്ക്ക് ടോക്‌സിസിറ്റിയെപ്പറ്റി നടത്തുന്ന അന്വേഷണമാണ് കോംഗോയിലെ സമകാലിക കലാകാരന്മാരുടെ കൂട്ടായ്മയായ പിച്ച ക്യൂറേറ്റ് ചെയ്ത ഇൻസ്റ്റലേഷനിലൂടെ അവതരിപ്പിക്കുന്നത്.

ടോക്‌സിക്, സിറ്റി എന്നീ വാക്കുകൾ സംയോജിപ്പിച്ച് ഇൻസ്റ്റലേഷന് 'ടോക്‌സിസിറ്റി' എന്ന പേര് നൽകിയത്. നഗരപരിസരത്തെ താഴേക്കടിയിലുള്ളവരുടെ ജീവിതത്തിന്റെ ദയനീയതയാണ് ഇൻസ്റ്റലേഷനിലുള്ളത്. ധനിക നാട്ടിലെ ദരിദ്രരെ ഓഡിയോ, വീഡിയോ, ചിത്രങ്ങൾ തുടങ്ങിയവയിലൂടെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. കൊച്ചിക്കും സ്വയംവിലയിരുത്തലിന് ഈ കലാവിഷ്‌കാരം വാതിൽ തുറന്നിടുന്നുണ്ട്.