ഒരേദിവസം പിറന്ന സഹോദരിമാർക്ക് ഒന്നിച്ച് മനസമ്മതം

Tuesday 03 January 2023 12:34 AM IST
ഒരോദിവസം മനസമ്മതം നടന്ന മൂന്ന് സഹോദരിമാർ പ്രതിശ്രുധ വരന്മാർക്കൊപ്പം

പറവൂർ: നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജനിച്ച മൂന്ന് സഹോദരിമാർ ഒന്നി​ച്ച് വി​വാഹത്തിന് മനസമ്മതം മൂളി. പറവൂർ ചേന്ദമംഗലം കാച്ചപ്പിള്ളി തമ്പി ചെറിയാന്റെയും അദ്ധ്യാപികയായ ആഷയുടെയും മക്കളായ മഹിമ മേരി, മരിയ നൊബർട്ട്, മമത വിക്ടറീന എന്നിവരാണ് പറവൂർ കച്ചേരിപ്പടി സെന്റ് ജർമ്മയിൻസ് പള്ളിയിൽ നടന്ന അപൂർവ മനസമ്മത ചടങ്ങിലെ താരങ്ങൾ. 1995 ഡിസംബർ പതിനൊന്നിനാണ് മൂവരും പി​റന്നത്. കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിൽ പഠനം. മഹിമ മേരി പി.സി.എയും എം.എൽ.സി​യും പഠി​ച്ച് ലൈബ്രേറിയനായി​. മരിയ നൊബർട്ട് എം.കോമിനുശേഷം അക്കൗണ്ടന്റുമായി​. മമത വിക്ടറീന എം.ബി.എയ്ക്കുശേഷം എയർ അറേബ്യ എയർവേസിലാണ്.

സെയിൽസ്മാനായ കുറുമ്പത്തുരുത്ത് പടമാട്ടുമ്മൽ വിനിൽ ജോയിയാണ് മഹിമ മേരിയുടെ വരൻ. ബിസിനസുകാരനായ മറിയപ്പടി താണിപ്പിള്ളി അലക്സ് ജോൺസൻ മരിയ നൊബർട്ടിനെയും എൻജിനിയറായ ചെറിയപഴമ്പിള്ളിത്തുരുത്ത് കല്ലുങ്കൽ ജിസ് സൈമൺ മമത വിക്ടറീനയെയും ജീവി​തസഖി​യാക്കും. മനസമ്മതം ഒരുമിച്ചായിരുന്നെങ്കിലും മൂന്നു പേരുടെയും വിവാഹ ദിനങ്ങൾ വ്യത്യസ്തമാണ്.

ആദ്യ വിവാഹം മരിയുടേതാണ്,19ന് കാരുകുന്ന് സെന്റ് ജോസഫ് പള്ളിയിൽ. മമത 26ന് ഗോതുരുത്ത് സെന്റ് സെബാസ്റ്ര്യൻ പള്ളിയിലും മഹി​മ 29ന് തുരുത്തിപ്പുറം ജപമാല ദേവാലയത്തിലും സുമംഗലികളാകും.

മൂന്നു സഹോദരിമാരുടെ ഏക അനുജൻ മാരിയോ തമ്പി ചെറിയാൻ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ടെക്നീഷ്യനാണ്.