കുരുക്കിലായി കലോത്സവ നഗരി

Tuesday 03 January 2023 12:40 AM IST
block

കോഴിക്കോട്: കലോത്സവത്തിന് തിരശീല ഉയർന്നതോടെ നഗരം ഗതാഗതക്കുരുക്കിലായി. കോർട്ട് റോഡ് , ബീച്ച് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണങ്ങൾ ഫലപ്രദമാകുന്നില്ല.

മാനാഞ്ചിറ സ്ക്വയർ, നടക്കാവ്, എരഞ്ഞിപ്പാലം, കാരപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ മുതൽ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ക്രിസ്‌മസ് പുതുവത്സര അവധികൾക്ക് ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്നവർ ധാരാളമായതിനാൽ റെയിൽവേസ്റ്റേഷൻ പരിസരത്ത് തിരക്ക് ഇരട്ടിയായി.

ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും പലയിടത്തും പൊലീസുകാർ ഇല്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. കലോത്സവത്തിനായി വിദ്യാർത്ഥികൾ,രക്ഷിതാക്കൾ, അദ്ധ്യാപകർ, മാദ്ധ്യമപ്രവർത്തകർ എന്നിവരുടെ നീണ്ടനിരയാണ് കോഴിക്കോട് എത്തിയിട്ടുള്ളത്. കലോത്സവ വേദികളിലും ഭക്ഷണ ശാലകളിലും എത്തിയവരുടെ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കാൽനടയാത്രക്കാർക്ക് പോലും യാത്ര ദുഷ്കരമാണ്. ടൗൺഹാളിലേയ്ക്ക് റോഡ് മുറിച്ച് കടക്കാൻ പോലും മത്സരാത്ഥികൾക്ക് വലിയ ബുദ്ധിമുട്ടാണ്. വരും ദിവസങ്ങളിൽ കൂടുതൽ ട്രാഫിക്ക് പൊലീസ് സന്നാഹത്തെ വിന്യസിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.