കാൻസർ നിർമ്മാർജ യജ്ഞവുമായി ശ്രീസുധീന്ദ്ര- കാർക്കിനോസ് കാൻസർ സെന്റർ

Tuesday 03 January 2023 12:41 AM IST

കൊച്ചി: ജില്ലയെ കാൻസർ മുക്തമാക്കുന്നതിന് കച്ചേരിപ്പടിയിലെ ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി കാർക്കിനോസ് ഹെൽത്ത് കെയറുമായി ചേർന്ന് മാർച്ച് 31 വരെ കാൻസർ രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കും.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 50 ൽ അധികം കാൻസർ രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ക്യാമ്പുകളുടെ നടത്തിപ്പിനായി ജില്ലയിലെ പഞ്ചായത്തുകളെ 14 ബ്ലോക്കുകളായി തിരിക്കും. കൂടാതെ മുനിസിപ്പാലിറ്റികളിലും കൊച്ചി കോർപ്പറേഷനിൽ നാലിടത്തും ക്യാമ്പ് സംഘടിപ്പിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബി.പി.സി.എല്ലിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ കണ്ടുപിടിച്ചാൽ ചികിത്സിച്ചു ഭേദമാക്കാവുന്ന വായിലെ കാൻസർ, സ്തനാർബുദം, ഗർഭാശയഗള കാൻസർ, വൻകുടലിലെ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയ്ക്കുള്ള സ്‌ക്രീനിംഗ് സൗകര്യം ക്യാമ്പുകളിലുണ്ടാകും. പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തുടർചികിത്സയും പരിശോധനകളും സൗജന്യമായി നൽകുന്നതിന് ബി.പി.സി.എൽ 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പൂർണമായും സൗജന്യമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ബോർഡ് ജനറൽ സെക്രട്ടറി മനോഹർ പ്രഭു, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, കാർക്കിനോസ് ഹെൽത്ത് കെയർ സി.ഇ.ഒ ഡോ. മോനി അബ്രാഹാം കുര്യാക്കോസ് എന്നിവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 90374 75542.

Advertisement
Advertisement