വാക്സി​ൻ ഇല്ല, കൊവി​ഡ് വരുമ്പോൾ നോക്കാം...

Tuesday 03 January 2023 12:42 AM IST

കൊച്ചി: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ് വാക്‌സിൻ ലഭിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ തെറ്റി. ജില്ലയിലെ ഒരു സർക്കാർ ആശുപത്രികളിലും കൊവിഡ് വാക്‌സിൻ സ്റ്റോക്കില്ല. ആകെയുണ്ടായിരുന്ന 3,000 ഡോസ് വാക്‌സിന്റെ കാലാവധി ഡിസംബർ 31ന് അവസാനിച്ചു. ഇവ 31ന് തന്നെ തിരികെ അയക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയായ എറണാകുളത്ത് രണ്ടാം ഡോസ് എടുക്കാനുള്ളവർ നിരവധിയാണ്. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരും നന്നേ കുറവ്. 2022 ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം രണ്ടാം ഡോസ് ജില്ലയിൽ സ്വീകരിച്ചത് 86 ശതമാനം പേരാണ്. ബൂസ്റ്റർ ഡോസ് ആകട്ടെ 10 ശതമാനത്തിൽ താഴെയും.

ഔദ്യോഗിക അറിയിപ്പുകളില്ല

വാക്‌സിൻ ദൗർലഭ്യം സംബന്ധിച്ച് സർക്കാരിനെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്നും എന്നാൽ ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്നല്ലാതെ മറ്റൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സമാന അവസ്ഥയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജും കേരളകൗമുദിയോട് പ്രതികരിച്ചത്.

വാക്‌സിൻ ഉത്പാദനം നിർത്തിയോ കൊവിഡ് ശമിച്ചതോടെ കമ്പനി​കൾ വാക്‌സിന്റെ ഉത്പാദനം കുറയ് ക്കുകയോ നി​റുത്തുകയോ ചെയ്തതായാണ് സൂചന. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവുമില്ല.

സൗകാര്യ ആശുപത്രികളിൽ യഥേഷ്ടം ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ ആവശ്യത്തിന് സ്റ്റോക്കുണ്ട്. സർക്കാർ ആശുപത്രികൾ രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് എന്നിവ എടുക്കാൻ ചെന്ന് നിരാശരായി മടങ്ങേണ്ടിവന്ന പലരും സ്വകാര്യ ആശുപത്രികളെ സമീപി​ക്കുകയാണ്.