ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികൾ ജെൻഡർപാർക്കിൽ നടത്തും: മുഖ്യമന്ത്രി

Tuesday 03 January 2023 12:44 AM IST
Pinarayi

കോഴിക്കോട്: ഒരു വർഷം നീണ്ടുനിൽക്കുന്ന ജെൻഡർ ബോധവത്കരണ പരിപാടികൾ വെള്ളിമാട്കുന്ന് ജെൻഡർ പാർക്കിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ജെൻഡറുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുടെ എകോപനവും ഗവേഷണവും നടത്തുന്ന സ്ഥാപനമായി ജെൻഡർ പാർക്കിനെ വളർത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെൻഡർ പാർക്കിലെ ലൈബ്രറി, മ്യൂസിയം, എന്നിവയുടെ പ്രവർത്തനങ്ങൾ ഗവേഷക വിദ്യാർത്ഥികൾക്ക് ഉൾപ്പടെ ഉപയോഗപ്രദമായ രീതിയിൽ മാറണണമെന്നും ഹോസ്റ്റൽ സൗകര്യം ഒരുക്കാനാവശ്യമായ നടപടികൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആരോഗ്യം, വനിതാ ശിശുവികസന മന്ത്രി വീണ ജോർജ്, സാമൂഹ്യ നീതി, വനിതാ-ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, വനിതാ-ശിശുവികസനവകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക, ജെൻഡർ പാർക്ക് സി.ഇ.ഒ സബ്കളക്ടർ വി.ചെൽസാസിനി, സംസ്ഥാന പ്ലാനിംഗ് ബോർഡ്‌ അംഗം മിനി ശ്രീകുമാർ, മുൻ അംഗം ഡോ. മൃദുൽ ഈപ്പൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.