ബസ് കാത്തിരിപ്പ് കേന്ദ്രമില്ല വെയിലത്ത് വലഞ്ഞ് യാത്രക്കാർ

Tuesday 03 January 2023 12:52 AM IST

കോഴിക്കേോട്: വികസനത്തിന്റെ പേര് പറഞ്ഞ നഗരത്തിലെ പല ബസ് സ്റ്റോപ്പുകളും പൊളിച്ച് നീക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ബസ് സ്റ്റോപ്പ് മാത്രം പണിതില്ല. മാനാഞ്ചിറ -വെള്ളിമാട് കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം ബസ് സ്റ്രോപ്പ് പൊളിച്ചു മാറ്റിയിട്ട് മാസങ്ങൾ കഴിഞ്ഞും. വെള്ളിമാട് കുന്ന്, ബാലുശ്ശേരി, നരിക്കുനി, കുന്ദമംഗലം തുടങ്ങി നിരവധി ഭാഗത്തേക്കുള്ള യാത്രക്കാരാണ് ഇതോടെ വലയുന്നത്.

ബസ് സ്റ്റോപ്പ് ഇല്ലാത്തത് കാരണം മഴയായാലും വെയിൽ ആയാലും നിന്ന് കൊള്ളേണ്ട സ്ഥിതിയാണ്. റോഡ് വികസനത്തിന്റെ പ്രവൃത്തികൾ ആരംഭിക്കാത്ത സാഹചര്യത്തിൽ ബസ് സ്റ്റോപ്പ് മാത്രം ഇത്ര തിരക്കിട്ട് പൊളിച്ച് മാറ്റിയത് എന്തിനാണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. എതിർ വശത്ത് കോഴിക്കോടെക്കി പോകുന്ന ഭാഗത്ത് ബസ് സ്റ്റോപ്പിൽ ഇരിക്കാൻ യാത്രക്കാർ പൊതുവെ താത്പര്യപ്പടാറില്ല. കാരണം ബസ് സ്റ്റോപ്പിൽ ഇരുന്നാൽ പരസ്യ ബോർഡുകൾ കാരണം വരുന്ന ബസുകൾ കാണാൻ കഴിയില്ല. പാളയത്തേക്കുള്ള സിറ്റി ബസുകൾ പൊതുവെ ബസ് സ്റ്റോപ്പിൽ അല്ല നിർത്താറുള്ളത് .അതുകൊണ്ട് തന്നെ ബസ് വരുന്നത് കണ്ടില്ലെങ്കിൽ കയറാൻ കഴിയാത്ത സാഹചര്യമാണ് പലപ്പോഴും ഉണ്ടാകുന്നത്.

ഓവുചാൽ നിർമ്മാണത്തിന് തടസം ; പൊളിച്ച് നീക്കിയ ബസ്റ്റോപ്പ് വർഷങ്ങൾ കഴിഞ്ഞും നിർമ്മിച്ചില്ല

ഇതോടൊപ്പം ഓവുചാൽ നിർമ്മാണത്തിന് തടസമാകുന്നുവെന്ന് പറഞ്ഞാണ് 2021 ജൂണിൽ നടക്കാവ് ക്രോസ് റോഡിലെ മൂന്ന്ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ച് നീക്കിയത്. എന്നാൽ രണ്ട് വർഷമായിട്ടും പുനർനിർമ്മാണം നടന്നില്ല.വയനാട് ജില്ലയിലേക്കുളള ദീർഘദൂര യാത്രക്കാരും അടിവാരം, താമശ്ശേരി, ബാലുശ്ശേരി, നരിക്കുനി, മലാപ്പറമ്പ്, ചെറുകുളം, സിവിൽസ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടവരും ആശ്രയിക്കുന്നത് ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തെയാണ്.

നടക്കാവ് ഭാഗത്തുള്ളവർ മെഡിക്കൽ കോളേജിലേക്ക് പോവാനും ഇവിടെ നിന്നാണ് ബസ് കയറുന്നത്. കൂടാതെ കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർ സിവിൽ സ്‌റ്റേഷനിലേക്കും വയനാട് ഭാഗത്തേക്കും പോകാൻ വണ്ടിപ്പേട്ടയിൽ ഇറങ്ങി നടക്കാവ് ക്രോസ് റോഡിൽ എത്തിയാണ് ബസ് കയറുന്നത്.പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ നിരവധി തവണ കൊണ്ടുവന്നിട്ടും കേട്ട ഭാവം നടിക്കുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

''റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ച് മാറ്രിയത് കൊണ്ട് തന്നെ നിലവിൽ ഒരു ബസ് സ്റ്രോപ്പ് സ്ഥാപിക്കാനുള്ള സാധ്യതകൾ കുറവാണ്''- നവ്യ ഹരിദാസ് വാർഡ് കൗൺസിലർ

''പൊരിവെയിലും കൊണ്ട് നിൽക്കേണ്ട അവസ്ഥയാണ്. ക്ഷീണം കൊണ്ട് ഇരിക്കാൻ പോലും സ്ഥലമില്ലാതെ വന്നപ്പോൾ ഫൂട്ട് പാത്തിലാണ് ഇരുന്ന് ക്ഷീണമകറ്റിയത്''- ദാമോദരൻ, യാത്രക്കാരൻ

Advertisement
Advertisement