സൈനികന്റെയും സഹോദരന്റെയും കസ്റ്റഡി മർദ്ദനം : പൊലീസുകാരെ തിരിച്ചെടുത്ത ഉത്തരവ് റദ്ദാക്കി

Tuesday 03 January 2023 12:02 AM IST

കൊല്ലം: കിളികൊല്ലൂർ സ്വദേശിയായ സൈനികനെയും സഹോദരനെയും മർദ്ദിച്ച സംഭവത്തിൽ സസ്പെൻഷനിലായ പൊലീസുകാരെ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കി. ഡിസംബർ 31ന് ഇറങ്ങിയ ഉത്തരവാണ് തൊട്ടടുത്ത ദിവസം പിൻവലിച്ചത്. ഭരണപക്ഷത്തെ പ്രമുഖ നേതാക്കൾ ഇടപെട്ടാണ് സസ്പെൻഷൻ പിൻവലിപ്പിച്ചത്. ഇതിനെതിരെ മറ്റൊരു വിഭാഗം രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു. മുൻ കിളികൊല്ലൂർ സി.ഐ, എസ്.ഐ, എ.എസ്.ഐ, സീനിയർ സി.പി.ഒ എന്നിവരാണ് സസ്പെഷനിലുള്ളത്. ഇവരിൽ ചിലർ ഇടനിലക്കാർ മുഖേന യുവാക്കളുമായി ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വഴങ്ങാത്തതോടെയാണ് സി.പി.എം നേതാക്കളെ സമീപിച്ചത്. സൈനികനൊപ്പം മർദ്ദനമേറ്റ സഹോദരൻ വിഘ്നേഷ് പേരൂരിലെ ഡി.വൈ.എഫ്.ഐ നേതാവാണ്. പൊലീസുകാരനെ മർദ്ദിച്ചെന്ന കള്ളക്കേസ് ഉണ്ടാക്കി കുടുക്കിയ ദിവസം തന്നെ യുവാക്കളുടെ ബന്ധുക്കൾ പ്രദേശത്തെ സി.പി.എം നേതാക്കളെ ബന്ധപ്പെട്ടെങ്കിലും കാര്യമായി ഇടപെട്ടില്ല. റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും സി.പി.എം നേതാക്കളെ കണ്ടെങ്കിലും അവഗണിച്ചു. പിന്നീട് മുൻ മന്ത്രി മേഴ്സിക്കുട്ടിഅമ്മയെ സംഭവം ബോദ്ധ്യപ്പെടുത്തി. മേഴ്സിക്കുട്ടി അമ്മ ഉടൻ കമ്മിഷണറെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തൊട്ടടുത്ത ദിവസം മേഴ്സിക്കുട്ടിഅമ്മ കമ്മിഷണർ ഓഫീസിലെത്തി അന്വേഷണം ആവശ്യപ്പെട്ടു. പിന്നീട്, യുവാക്കളെ കള്ളക്കേസിൽ കുടുക്കിയതാണെന്ന അന്വേഷണ റിപ്പോർട്ട് മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് യുവാക്കൾക്ക് പിന്തുണയുമായി പ്രാദേശിക സി.പി.എം രംഗത്തെത്തിയത്.