യുവാവിനെ മർദ്ദിച്ചതായി പരാതി

Tuesday 03 January 2023 1:04 AM IST

പുത്തൂർ : കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ കാറിലെത്തിയവർ മർദ്ദിച്ചതായി പരാതി. പൂവറ്റൂർ കൊച്ചു കാഞ്ഞിരംവിള വീട്ടിൽ ഉണ്ണിക്കൃഷ്ണനാണ്(22)മർദ്ദനമേറ്റത്. സംഭവത്തിൽ മാവടി സ്വദേശി സൈനികനായ അനീഷ്,പിതാവ് സുരേന്ദ്രൻ പിള്ള, സുഹൃത്ത് ബിജു എന്നിവർക്കെതിരെ പുത്തൂർ പോലീസ് കേസെടുത്തു. അനീഷിന്റെ പിതാവും തന്നെ മർദ്ദിച്ചതായി ഉണ്ണിക്കൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു. ഡിസംബർ 30ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത് : ബന്ധുവായ രോഗിയെ ഡയാലിസിസ് കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കിക്കൊണ്ടുവരാൻ പോകുന്നതിനിടെ ഉണ്ണിക്കൃഷ്ണൻ ഓടിച്ചിരുന്ന കാറിന് പിന്നിൽ ബൈക്ക് വന്നിടിച്ചു. നിലത്തുവീണ് പരിക്കേറ്റവരെ നാട്ടുകാരും ഉണ്ണിക്കൃഷ്ണനും ചേർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കവേയായിരുന്നു അവിടെയെത്തിയ സൈനികൻ മർദ്ദിച്ചത് . ഉണ്ണിക്കൃഷ്ണൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.