മെസിയും നെയ്മറുമില്ലാതെ സീസണിലെ ആദ്യ തോൽവി വഴങ്ങി പി.എസ്.ജി

Tuesday 03 January 2023 3:11 AM IST

പാരീസ്: സൂപ്പർ താരങ്ങളായ ലയണൽ മെസിയും നെയ്മറുമില്ലാതെ പുതുവർഷത്തിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ പി.എസ്.ജി ലീഗ് വണ്ണിൽ ഈ സീസണിലെ ആദ്യ തോൽവി വഴങ്ങി. ഈ സീസണിൽ കിരീട പോരeട്ടത്തിൽ മികച്ച വെല്ലുവിളി ഉയർത്തുന്ന ലെൻസാണ് നിലവിലെ ചാമ്പ്യൻമാരായ പി.എസ്.ജിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തത്. ലെൻസിനായി ഫ്രാങ്കോവ്‌സ്കി,​ ഒപെൻഡ,​ ക്ലൗഡെ മൗറിസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹ്യൂഗൊ എകിറ്റികെയാണ് പി.എസ്.ജിക്കായി ഒരു ഗോൾ മടക്കിയത്. ലോകകപ്പിലെ ടോപ് സ്കോറർ കിലിയൻ എംബാപ്പെയ്ക്ക് സ്ട്രാസ്ബർഗിനെതിരായ കഴിഞ്ഞ മത്സരത്തിലെപ്പോലെ ലെൻസിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

കഴിഞ്ഞ മാർച്ച് 20ന് ശേഷം ലീഗ് വണ്ണിൽ പി.എസ്.ജി വഴങ്ങുന്ന ആദ്യ തോൽവിയാണിത്. നിലവിൽ പി.എസ്.ജിക്ക് 17 മത്സരങ്ങളിൽ നിന്ന് 44 ഉം ലെൻസിന് 40 പോയിന്റുമാണുള്ളത്.മൂന്നാം സ്ഥാനത്തുള്ള മാഴ്സെല്ലിക്ക് 33 പോയിന്റേയുള്ളൂ.