കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; ഹോട്ടൽ അടിച്ചുതകർത്ത് ഡി വൈ എഫ് ഐ പ്രവർത്തകർ
കോട്ടയം: ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കോട്ടയം സംക്രാന്തിയിലുള്ള 'മലപ്പുറം കുഴിമന്തി' ഹോട്ടലിലേയ്ക്ക് മാർച്ച് നടത്തിയ പ്രവർത്തകർ, ഹോട്ടൽ അടിച്ച് തകർത്തു. ഹോട്ടലിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും ചെടിച്ചട്ടികൾ ഉൾപ്പെടെയുള്ളവയും നശിപ്പിച്ചു.
കഴിഞ്ഞ മാസം 29ന് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് രശ്മിക്ക് രോഗബാധയുണ്ടായത്. അൽഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രശ്മിയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രി ഏഴിനായിരുന്നു മരണം. മൂന്ന് ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂയെന്നും അധികൃതർ അറിയിച്ചു. രശ്മി വാതസംബന്ധമായ രോഗത്തിന് മരുന്ന് കഴിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20പേർക്കും ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഇവർ ഐ.സി.എച്ചിലും, കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ഹോട്ടലിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. കിളിരൂർ പാലത്തറ വി.എൻ രാജു - അംബിക ദമ്പതികളുടെ മകളാണ് രശ്മി. സഹോദരൻ : വിഷ്ണു രാജ്.