ചാക്കുമില്ല കൈകാര്യച്ചെലവുമില്ല: നാളികേര സംഭരണം പ്രതിസന്ധിയിൽ
വടക്കഞ്ചേരി: നാലുമാസത്തെ കൈകാര്യച്ചെലവ് കിട്ടാത്തതിന് പിന്നാലെ കേരഫെഡിൽ നിന്നുള്ള ചാക്കുവിതരണവും മുടങ്ങിയതോടെ നാളികേര സംഭരണം പ്രതിസന്ധിയിലാകുന്നു. വടക്കഞ്ചേരിയിലെ സംഭരണ കേന്ദ്രമായ വി.എഫ്.പി.സി.കെയുടെ സ്വാശ്രയ കർഷക സമിതിയിൽ നാളികേരം നിലത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ചാക്കില്ലാത്തതിനാൽ തേങ്ങ കുട്ടയിലാക്കി വേണം ലോറിയിലേക്കിടാൻ. ഇങ്ങനെ ചെയ്യേണ്ടി വരുമ്പോൾ കൂലിച്ചെലവ് ഇരട്ടിയാകും.
ഇതിനുപുറമേ കാറ്റും വെയിലുമേറ്റ് തേങ്ങ പൊട്ടുന്നുമുണ്ട്. നാളികേരം നിലത്ത് കൂട്ടിയിട്ടിരിക്കുന്നതിനാൽ സമിതിയിലേക്ക് കൊണ്ടുവരുന്ന മറ്റുവിളകൾ ഇറക്കിവയ്ക്കാൻ സ്ഥലമില്ലാത്ത സാഹചര്യവുമുണ്ട്.
പല്ലശ്ശന, എലവഞ്ചേരി, അയിലൂർ, മേലാർകോട്, നെന്മാറ, വണ്ടാഴി, തരൂർ, കാവശ്ശേരി, ആലത്തൂർ, എരിമയൂർ, വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് തുടങ്ങിയ കൃഷിഭവനുകളുടെ പരിധികളിൽ നിന്നുള്ള കർഷകരുടെ നാളികേരമാണ് വടക്കഞ്ചേരിയിൽ സംഭരിക്കുന്നത്. കൈകാര്യച്ചെലവിന്റെയും ചാക്കിന്റെയും പ്രശ്നം കേരഫെഡിനെ അറിയിച്ചിട്ടുണ്ടെന്നും ഉടൻ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും വി.എഫ്.പി.സി.കെ അധികൃതർ പറഞ്ഞു.
ലഭിക്കാനുള്ളത് സെപ്തംബർ മുതലുള്ള കൈകാര്യച്ചെലവ്
കഴിഞ്ഞ സെപ്തംബർ മുതലുള്ള കൈകാര്യച്ചെലവാണ് കർഷകർക്ക് ലഭിക്കാനുള്ളത്. നിലവിൽ സമിതിയിലെ പണമെടുത്താണ് സംഭരണച്ചെലവ് നടത്തുന്നത്. ഇതിനോടകം ഒന്നരലക്ഷം രൂപ ചെലവായതായി സമിതി പ്രസിഡന്റ് പറഞ്ഞു. കൈകാര്യച്ചെലവും ചാക്കും ഉടൻ അനുവദിക്കാനുള്ള നടപടികളുണ്ടായില്ലെങ്കിൽ സംഭരണം നിറുത്തിവയ്ക്കുകയല്ലാതെ മറ്റുവഴികളില്ലെന്നും പറഞ്ഞു.