p3 ഒഴിവാകും പ്ലാസ്റ്റിക് മാലിന്യം ട്രാക്ക് ചെയ്യാൻ നാൽവർ സംഘം

Wednesday 04 January 2023 12:56 AM IST

കൊച്ചി: പ്ലാസ്റ്റിക് മാലി​ന്യം ട്രാക്ക് ചെയ്ത് നീക്കംചെയ്യുന്ന ആശയവുമായി നാൽവർ സംഘം. പ്ലാസ്റ്റിക് പൊല്യൂഷൻ ട്രാക്കിംഗ് സിസ്റ്റത്തി​ന് പി​ന്നി​ൽ കുസാറ്റിലെ ഗവേഷണ വിദ്യാർത്ഥികളായ വയനാട് സ്വദേശി ഇ. അഖിൽ പ്രകാശ്, പത്തനംതിട്ട സ്വദേശി മിഥുൻഷാ ഹുസൈൻ, കണ്ണൂർ സ്വദേശി അമൽ ജോർജ്, പോണ്ടിച്ചേരി സർവകലാശാല ഗവേഷകയായിരുന്ന ഡോ. അൽഫ്രീൻ ഹുസൈൻ എന്നിവരാണ്. കുസാറ്റ് സ്കൂൾ ഒഫ് മറൈൻ സയൻസ് ഡയറക്ടർ ഡോ. എ.എ. മുഹമ്മദ് ഹാത്ത ഉപദേശകനും.

രാജ്യത്ത് ജനസാന്ദ്രത ഏറി​യ വൈപ്പിനിലാണ് ഇതി​ന്റെ പരീക്ഷണം തുടങ്ങിയത്​. സാറ്റലൈറ്റിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസി​ന്റെയും സഹായത്തോടെ പ്ലാസ്റ്റിക് മാലി​ന്യം കൂടുതലുള്ള സ്ഥലം കണ്ടെത്തും. സെന്റിനൽ 2 എന്ന സാറ്റലൈറ്റി​ന്റെ ഡേറ്റ ക്രോഡീകരിച്ച് അൽഗോരിഥം സൃഷ്ടിക്കുകയാണ് ചെയ്യുക.

ചെന്നൈ യു.എസ് കോൺസലേറ്റ്, ടെക് ക്യാമ്പ് ഗ്ലോബൽ, സി.പി.പി.ആർ ഇന്ത്യ എന്നിവർ ചേർന്ന് നടത്തിയ ടെക് ക്യാമ്പിലൂടെയാണ് ആശയം ഉദിച്ചത്. സാറ്റലൈറ്റ് ഡേറ്റ സൗജന്യമായി​ ലഭി​ക്കും. പ്രവർത്തനങ്ങൾക്കായി​ മൂന്നുലക്ഷം രൂപയോളം ടെക് ക്യാമ്പ് നൽകും.

ആശയം ഇങ്ങനെ

സാറ്റലൈറ്റ് ഡേറ്റയിൽനിന്ന് ജലാശയങ്ങളി​ലെയും സമുദ്രത്തി​ലെയും വഴിയോരങ്ങളിലേയും ഉൾപ്പെടെ പ്ളാസ്റ്രിക്കിന്റെ സാന്നിദ്ധ്യമേഖലകൾ കണ്ടെത്തും. ഇവിടങ്ങളിൽ ഡ്രോൺ മാപ്പിംഗ് നടത്തി കൃത്യത വരുത്തും. പിന്നെ നേരിട്ടെത്തി റേഡിയോമീറ്റർ ഉപയോഗിച്ച് പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ ഇനംതിരിക്കും. മഴക്കാലത്തും വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും പ്ലാസ്റ്റിക്ക് അടിഞ്ഞുകൂടുന്നതെവി​ടെയെന്നും മനസിലാക്കും. ഏതൊക്കെ സ്ഥലങ്ങളിൽ ഏതൊക്കെ തരം പ്ലാസ്റ്റിക്ക് മാലി​ന്യമുണ്ടെന്ന് മനസി​ലാക്കാവുന്ന ആപ്ലിക്കേഷൻ വികസിപ്പിക്കും. ഇത് ഡൗൺലോഡ് സന്നദ്ധ സംഘടനകൾ, മറ്റ് സർക്കാർ സ്ഥാപങ്ങൾ എന്നിവർക്ക് തങ്ങളുടെ പ്രദേശം വൃത്തിയാക്കാം.

ആറുമാസത്തെ ലക്ഷ്യം

ആറുമാസം കൊണ്ട് പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ വ്യാപ്തി, ഇവ എങ്ങനെ എത്തുന്നു എന്നിവ മാനസിലാക്കി മലിനീകരണം നിയന്ത്രിക്കാനുമാകും. ലോകമെമ്പാടും പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം.

ഇ. അഖിൽ പ്രകാശ്