അട്ടപ്പാടി ഊരുകളിലെ എൻ.ജി.ഒ പ്രവർത്തനങ്ങൾക്ക് സബ് കലക്ടറുടെ അനുമതി വേണം

Wednesday 04 January 2023 12:03 AM IST

അഗളി: അട്ടപ്പാടി ആദിവാസി ഊരുകളിൽ സ്വകാര്യ വ്യക്തികൾ/ സംഘടനകൾ അനുമതിയില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി നോഡൽ ഓഫീസർ കൂടിയായ സബ് കലക്ടർ ഉത്തരവിട്ടു. പഠന- ഗവേഷണ പ്രവർത്തനം, വിദ്യാർത്ഥികൾക്കും മറ്റുമുള്ള ക്യാമ്പ്, ബോധവത്കരണം, പട്ടികവർഗ ഊരുകളിൽ ഭക്ഷ്യവസ്തുക്കൾ, മരുന്നുകളുടെ വിതരണം, അട്ടപ്പാടി മേഖലയിൽ വീഡിയോ/ ഫോട്ടോ ചിത്രീകരണം, പട്ടികവർഗ വിഭാഗക്കാരുമായുള്ള അഭിമുഖം, സർവേ, പ്രദർശനം, എക്സ്‌പോ എന്നിവ സബ് കലക്ടറുടെ ഓഫീസ് നൽകിയിട്ടുളള നിർദ്ദേശം പാലിക്കാതെയും അനുമതിയില്ലാതെയും നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ്.

നബാർഡ്, തദ്ദേശ സ്ഥാപനങ്ങൾ, ഐ.ടി.ഡി.പി, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, കൊളീജിയേറ്റ് വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, കായികം, യുവജനക്ഷേമം, പട്ടികജാതി, കുടുംബശ്രീ, വനം, സഹകരണം തുടങ്ങിയ വിവിധ സർക്കാർ/ അർദ്ധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിവിധ എൻ.ജി.ഒ സംഘടനകൾക്ക് അട്ടപ്പാടിയിലെ ഊരുകളിൽ പദ്ധതികൾ നടപ്പാക്കുന്നതിനായുളള അനുമതിക്ക് 21 ദിവസം മുമ്പ് നോഡൽ ഓഫീസറായ ഒറ്റപ്പാലം സബ് കലക്ടറെ രേഖാമൂലം അറിയിക്കണം.

നോഡൽ ഓഫീസറുമായി ചേർന്ന് യോഗം ചേർന്ന് അനുമതി വാങ്ങിയ ശേഷമേ എൻ.ജി.ഒ സംഘടനകൾക്ക് ഊരുകളിൽ പദ്ധതികൾ നടപ്പാക്കാൻ സാധിക്കൂവെന്നും ഉത്തരവിൽ പറയുന്നു.