എറണാകുളത്ത് പഞ്ചിംഗ് നടപ്പായില്ല

Wednesday 04 January 2023 12:43 AM IST

തൃക്കാക്കര: ജില്ലയിലെ കളക്ട്രേറ്റിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് പൂർണമായി പാളി. എറണാകുളം കളക്ടറേറ്റിൽ ആവശ്യത്തിന് ബയോമെട്രിക് പഞ്ചിംഗ് മെഷീനുകൾ വാങ്ങുന്നതിന് സർക്കാർ പണം നൽകാത്തതാണ് പ്രശ്നമായത്. ഇവയുടെ ഇൻസ്റ്റലേഷൻ പൂർത്തിയായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

മെഷീനുകൾ ശമ്പള വിതരണ പോർട്ടലായ സ്പാർക്കുമായി ബന്ധിപ്പിച്ചാൽ മാത്രമേ പഞ്ചിംഗ് സുഗമമായി പ്രവർത്തിപ്പിക്കാൻ സാധിക്കൂ. കളക്ടറേറ്റിലെ ഒന്നാം നിലയിൽ മാത്രമാണ് വർഷങ്ങൾക്ക് മുമ്പ് രണ്ട് പഞ്ചിംഗ് മെഷീനുകൾ സ്ഥാപിച്ചിരുന്നത്. ട്രഷറി, ആർ.ടി ഓഫീസ്, സർവേ തുടങ്ങിയ ഓഫീസുകളിൽ സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇവയൊന്നും സ്പാർക്കുമായി ബന്ധിപ്പിച്ചിരുന്നില്ല.

പലതും പ്രവർത്തന രഹിതവുമാണ്.

കാക്കനാട് സിവിൽ സ്റ്റേഷനിൽ 16 പഞ്ചിംഗ് മെഷിനുകൾ സ്ഥാപിച്ച് 5 നിലകളിൽ പ്രവർത്തിക്കുന്ന 70 ഓഫീസുകളെ ബന്ധിപ്പിക്കാനായിരുന്നു പദ്ധതി. 2023 ജനുവരി ഒന്നുമുതൽ പഞ്ചിംഗ് നിർബന്ധമാക്കി ചീഫ് സെക്രട്ടറിയുടെ കർശന ഉത്തരവുണ്ടായിരുന്നു. രണ്ട് ദിവസം അവധിയായിരുന്നതിനാൽ ഇന്നലെ മുതൽ പഞ്ചിംഗ് നടപ്പിലാക്കാനായിരുന്നു ശ്രമം.