ബിനാലെ: പത്തു നാളിൽ 34,561പേർ

Wednesday 04 January 2023 1:10 AM IST

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ പത്തു ദിനം പിന്നിട്ടപ്പോൾ 34,561പേർ മഹാകലാമേളയ്ക്കെത്തി. ക്രിസ്മസ്, നവത്സര കാലത്ത് വേദികളിലേക്ക് ജനം ഒഴുകിയെത്തി. സി..കെ ആശ എം.എൽ.എ, കെ.എസ്. ഐ.ഡി.സി എം.ഡി. എസ്. ഹരികിഷോർ, നടൻ സണ്ണി വെയ്ൻ ഉൾപ്പെടെ ബിനാലെ കാണാനെത്തി. പുതിയൊരു ജനവിഭാഗത്തെ പുറംനാടുകളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ കൊച്ചി മുസിരിസ് ബിനാലെ പ്രമുഖ പങ്ക് വഹിക്കുമെന്ന് എസ്.ഹരികിഷോർ പറഞ്ഞു. ആയുർവേദം, കായലുകൾ, സമ്പന്ന സാംസ്‌കാരിക പൈതൃകം, ഉത്തരവാദിത്വ ടൂറിസം തുടങ്ങി തനത് പ്രത്യേകതകളാണ് കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാട്' ആക്കുന്നത്. ടൂറിസം മേഖലയിൽ അനന്യമായ മറ്റൊരു സവിശേഷതയായി മാറുകയാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് ടൂറിസം വകുപ്പ് മുൻ ഡയറക്ടർ കൂടിയായ ഹരികിഷോർ പറഞ്ഞു. ബിനാലെ കാരണം കലാസൃഷ്‌ടികൾ ശേഖരിക്കുന്നവരുടെയും കലാപ്രദർശനങ്ങളുടെയും ആർട്ട് ഗ്യാലറികളുടെയും എണ്ണം കൂടി. ലിറ്ററേച്ചർ ഫെസ്റ്റുകളുടെ എണ്ണം വർദ്ധിച്ചു. വരും നാളുകളിൽ മറ്റുമേഖലകളിലേക്കും ബിനാലെയുടെ സ്വാധീനം കടന്നെത്തുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്‌ബി അഡീഷണൽ സി.ഇ.ഒ. സത്യജീത് രാജൻ, എറണാകുളം അസി. കളക്‌ടർ ഹർഷിൽ ആർ.മീണ എന്നിവരും ബിനാലെയ്‌ക്കെത്തി .