സ്വർണവിലയിൽ കുതിപ്പ്; പവന് 40,​760 രൂപ

Wednesday 04 January 2023 3:24 AM IST

കൊച്ചി: ആഭരണപ്രേമികൾക്ക് ആശങ്കയുമായി സംസ്ഥാനത്ത് സ്വർണവില പുത്തൻ ഉയരത്തിലേക്ക് കുതിക്കുന്നു. ഇന്നലെ പവന് 400 രൂപ വർദ്ധിച്ച് വില 40,760 രൂപയായി. 50 രൂപ ഉയർന്ന് 5,095 രൂപയാണ് ഗ്രാംവില. 2020 ആഗസ്‌റ്റിൽ കുറിച്ച 42,000 രൂപയാണ് എക്കാലത്തെയും ഉയർന്ന പവൻവില; അന്ന് ഗ്രാമിന് വില 5,​250 രൂപയായിരുന്നു.

ആഗോള സാമ്പത്തികമാന്ദ്യ ഭീതി, നാണയപ്പെരുപ്പ ഭീഷണി എന്നിവമൂലം നിക്ഷേപകർ ഓഹരി, കടപ്പത്രവിപണികളിൽ നിന്ന് പിന്മാറി സുരക്ഷിതനിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് വിലക്കയറ്റത്തിന് മുഖ്യകാരണം. രാജ്യാന്തര വിപണിവില ഔൺസിന് 1,​798.43 ഡോളറിൽ നിന്ന് 1,​849.44 ഡോളർ വരെ ഉയർന്നത് ഇന്നലെ ഇന്ത്യയിലെ വിലയിലും കുതിപ്പുണ്ടാക്കി. രൂപയുടെ മൂല്യം ഡോളറിനെതിരെ 82.73ൽ നിന്ന് 82.88ലേക്ക് ഇടിഞ്ഞതും തിരിച്ചടിയായി.

₹1,760

ഡിസംബർ ഒന്നുമുതൽ ഇതുവരെ പവന് കൂടിയത് 1,760 രൂപയാണ്. ഗ്രാമിന് 220 രൂപയും.

പൊന്നിന് എന്ത് നൽകണം?

മൂന്ന് ശതമാനം ജി.എസ്.ടി., കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവകൂടി ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണത്തിന് കുറഞ്ഞത് 43,200 രൂപയെങ്കിലും നൽകണം.