കുടുംബശ്രീ രജതോത്സവം സമാപിച്ചു

Wednesday 04 January 2023 12:09 AM IST
രജതാേത്സവിന്റെ ഭാഗമായി കുടുംബശ്രീ മുക്കം സി.ഡി.എസ് സംഘടിപ്പിച്ച മെഗാ തിരുവാതിരകളി

മുക്കം: കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുക്കം സി. ഡി. എസ് വിവിധ പരിപാടികളോടെ നടത്തിയ ഒരു മാസത്തെ രജതോത്സവ് സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം ചെയ്തു. സി.ഡി. എസ് ചെയർപേഴ്സൺ സി.ടി.രജിത അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. കുഞ്ഞൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുൽ മജീദ്, കൗൺസിലർമാരായ സി. വസന്തകുമാരി, എ.അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ബിന്ദു സ്വാഗതവും സൈറാ ബാനു നന്ദിയും പറഞ്ഞു.

ഒരു മാസം നീണ്ട രജതോത്സവത്തിന്റെ ഭാഗമായി കുടുംബസംഗമങ്ങൾ, സെമിനാറുകൾ, വയോജന സംഗമം, കർഷക സംഗമം, സംരംഭക സംഗമം, ഓക്സിലറി ഗ്രൂപ്പ് സംഗമം, ഉന്നത വിജയികളെ ആദരിക്കൽ, ബാലസഭ, മെഗാ തിരുവാതിര, കുടുംബശ്രീ കലോത്സവം എന്നിവ സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീ ഉത്പ്പന്നങ്ങൾ പരിചയപ്പെടാനും കൈപ്പുണ്യം അനുഭവിച്ചറിയാനും ഡിസംബർ 27 മുതൽ മക്കാനിമേളയും സംഘടിപ്പിച്ചിരുന്നു.