മകരവിളക്ക് : വ്യൂ പോയിന്റുകളിൽ പ്രത്യേക സുരക്ഷ

Wednesday 04 January 2023 12:11 AM IST

പത്തനംതിട്ട : മകരവിളക്ക് ദർശനത്തിന് ജില്ലയിലെ ഏഴ് വ്യൂ പോയിന്റുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും. തീർത്ഥാടക തിരക്ക് പരിഗണിച്ച് കൂടുതൽ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. നിലയ്ക്കൽ, ഇടത്താവളങ്ങൾ എന്നിവയ്‌ക്കൊപ്പം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും അധിക പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കും. ഇവിടെ നിന്ന് തീർത്ഥാടകരെ കൊണ്ടുപോകുന്നതിന് കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമാക്കുമെന്ന് അവലോകന യോഗത്തിന് ശേഷം ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ അറിയിച്ചു. സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശം അനുസരിച്ച് ഭക്തജനത്തിരക്ക് നിയന്ത്രിക്കും. വ്യൂ പോയിന്റുകളിലെ തീർത്ഥാടകരുടെ സുരക്ഷയ്ക്ക് ഫെൻസിംഗ്, അടിസ്ഥാനസൗകര്യങ്ങൾ, വാഹന പാർക്കിംഗ്, റോഡ് സൗകര്യം, സുരക്ഷിതവും ബലവുമുള്ള ബാരിക്കേഡുകൾ, കുടിവെള്ളം എന്നിവ ഉറപ്പാക്കും. കതിന അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിമരുന്നുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഫയർഫോഴ്സ് പരിശോധിക്കും. മകരവിളക്കുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും ഏഴിന് മുൻപ് പൂർത്തിയാക്കും. ജില്ലയിൽ 11 പാർക്കിംഗ് സ്ഥലങ്ങളിലായി 10,000 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യമുണ്ട്. ഹിൽ ടോപ്പ് ഉൾപ്പെടെ ജില്ലയിൽ ഏഴ് വ്യൂപോയിന്റ് ഉണ്ട്. പമ്പ ഹിൽ ടോപ്പിലെ സുരക്ഷാക്രമീകരണങ്ങൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലും പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല, ഇലവുങ്കൽ, അട്ടത്തോട് പടിഞ്ഞാറേ കോളനി, അട്ടത്തോട് എന്നീ വ്യൂപോയിന്റുകളുടെ ബാരിക്കേഡ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ തദ്ദേശ സ്ഥാപനങ്ങളും നിർവഹിക്കും. മകരവിളക്കിന് ശേഷം തീർത്ഥാടകരുടെ വാഹനത്തിരക്ക് കൂടുന്നതിനാൽ റോഡുകളിൽ ബ്ലിങ്കർ ലൈറ്റ് സ്ഥാപിക്കും.

വ്യൂ പോയിന്റുകൾ: പമ്പ ഹിൽടോപ്പ്, പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല, ഇലവുങ്കൽ, അട്ടത്തോട് പടിഞ്ഞാറേ കോളനി, അട്ടത്തോട്.

ഭക്ഷണം പാകം ചെയ്യുന്നത് നിരോധിക്കും

സുരക്ഷ കണക്കിലെടുത്ത് തീർത്ഥാടകർ ക്യാമ്പ് ചെയ്ത് ഭക്ഷണം പാകം ചെയ്യുന്നത് നിരോധിക്കുമെന്നും വലിയ പാത്രങ്ങൾ കൊണ്ടുവരുന്നത് പമ്പയിൽ തടയുമെന്നും ശബരിമല എ.ഡി.എം പി.വിഷ്ണുരാജ് പറഞ്ഞു. തിരുവാഭരണ പാതയുടെ ഒരുക്കങ്ങൾ പൂർത്തിയായി. കൊല്ലമൂഴി, ഇരട്ടപെട്ടി പാലങ്ങൾ 10ന് ശേഷം തയാറാക്കും. തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നതിന് ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ ടീമിനെയും ളാഹയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റും ക്രമീകരിച്ചു. വ്യൂപോയിന്റുകളിൽ മൂന്ന് ചെറിയ ആംബുലൻസും 10 സ്ഥലങ്ങളിൽ വലിയ ആംബുലൻസും ക്രമീകരിക്കും. നിലവിലുള്ള 25 ആംബുലൻസിനൊപ്പം മകരവിളക്ക് ദിവസം 12 എണ്ണം കൂടി ക്രമീകരിക്കും. മകരവിളക്ക് ദിവസം പമ്പയിലും സന്നിധാനത്തും രണ്ട് ഡോക്ടർമാരെ കൂടുതൽ നിയോഗിക്കും. അയ്യപ്പ സേവാസംഘം 600 സ്‌ട്രെച്ചറുകൾ സജ്ജീകരിച്ചു. സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ കെ.എസ്.ഇ.ബി കൂടുതൽ ലൈറ്റ് സ്ഥാപിച്ചു.