സന്നിധാനത്തെ വെടിപ്പുരയിലും ഹോട്ടലുകളിലും പരിശോധന നടത്തി

Wednesday 04 January 2023 12:16 AM IST

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സുരക്ഷ വർദ്ധിപ്പിക്കാൻ സന്നിധാനത്തെ വെടിപ്പുരകളിലും, ഹോട്ടലുകളിലും സന്നിധാനം എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റ് എൻ.രാംദാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മുൻകരുതലുകൾ കർശനമായി പാലിക്കാൻ വെടിവഴിപാട് നടത്തിപ്പുകാർക്ക് നിർദേശം നൽകി.

വൈദ്യുതി കടന്നു പോകുന്ന കേബിളുകൾ വെടിത്തട്ടിലും വെടിപ്പുരയിലും ഉപയോഗിക്കാൻ അനുവദിക്കില്ല. ഒരു കിലോയിലധികം വെടിമരുന്ന് ഇവിടെ സൂക്ഷിക്കരുത്. കതിന നിറയ്ക്കുമ്പോൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും അറിയിച്ചു. തുടർന്ന് ഹോട്ടലുകളിൽ പരിശോധന നടത്തി.

ഹോട്ടലുകളിൽ അഞ്ചിലധികം ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കാൻ അനുവദിക്കില്ല. തുടർ പരിശോധനയിൽ സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ കട അടപ്പിക്കും. തീപ്പിടിത്തം ഒഴിവാക്കാൻ തൊഴിലാളികൾക്ക് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശീലനം നൽകും. ഇതിനായുള്ള മാർഗ നിർദേശങ്ങൾ പാചകപ്പുരകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഫയർഫോഴ്സ്, പൊലീസ്, ആരോഗ്യം, റവന്യു എന്നീ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ ജില്ലാ ഫയർ ഓഫീസർ കെ.ആർ.അഭിലാഷ്, ഫയർ സ്റ്റേഷൻ ഓഫീസർ കെ.എൻ.സതീശൻ, ആരോഗ്യ വിഭാഗം സാനിറ്റേഷൻ സൂപ്പർവൈസർ ജി.അമ്പാടി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement