സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ, കതിന അപകടം: ശബരിമലയിൽ സുരക്ഷാ ഓഡിറ്റ് വേണം

Wednesday 04 January 2023 12:49 AM IST

കൊച്ചി: കതിനകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും സുരക്ഷാ ഓഡിറ്റ് നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിക്കാൻ ഫയർ ഫോഴ്‌സ് ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകണമെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ് ഹൈക്കോടതിയിൽ റിപ്പോർട്ടു നൽകി.

വെടി വഴിപാടു കരാറുകാരൻ ലൈസൻസ് വ്യവസ്ഥകൾ പാലിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി ഫയർ ഫോഴ്‌സ് സ്പെഷ്യൽ ഓഫീസർ നൽകിയ റിപ്പോർട്ടും മറ്റും പരിഗണിച്ചാണ് ശുപാർശ. ഇക്കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡും വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

ജനുവരി രണ്ടിന് വൈകിട്ട് അഞ്ചിന് മാളികപ്പുറം ക്ഷേത്രത്തിനു സമീപത്ത് കതിന നിറയ്ക്കുന്ന ഷെഡിലാണ് പൊട്ടിത്തെറിയുണ്ടായത്. ഷെഡും വെടിവഴിപാടു നടത്തുന്ന പ്ളാറ്റ് ഫോമും തമ്മിൽ പത്തു മീറ്റർ അകലമേയുള്ളൂവെന്നും വിറക് അടുപ്പും പാചകത്തിനുള്ള സാധനങ്ങളും ഷെഡിന് സമീപത്തുണ്ടായിരുന്നെന്നും വ്യക്തമാക്കി സ്പെഷ്യൽ കമ്മിഷണർക്ക് ഫയർ ഫോഴ്‌സ് റിപ്പോർട്ട് നൽകിയിരുന്നു. ഇവിടെയുള്ള നാലു അഗ്നിശമന ഉപകരണങ്ങളിൽ രണ്ടെണ്ണം ഉപയോഗിച്ചു തീർന്നവയാണ്.

ഫയർ ഫോഴ്‌സിന്റെ നിർദ്ദേശങ്ങൾ

  • കതിന നിറയ്ക്കുന്ന ഷെഡും ഇതു കത്തിക്കുന്ന സ്ഥലവും തമ്മിൽ 45 മീറ്റർ അകലം വേണം
  • ഷെഡിന്റെ പരിസരം വൃത്തിയാക്കണം. ഷെഡുകൾ വൈദ്യുതീകരിക്കരുത്
  • പരിചയ സമ്പന്നരായ ജീവനക്കാരെ നിയോഗിക്കണം
  • ജീവനക്കാർ എളുപ്പം തീ പിടിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കരുത്
  • സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഈ പരിസരത്തു പ്രദർശിപ്പിക്കണം

വെടി വഴിപാടു നിറുത്തി

അപകടമുണ്ടായ സാഹചര്യത്തിൽ വെടി വഴിപാടു നിറുത്തി വച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതു രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ചെങ്ങന്നൂർ ചെറിയനാട് സ്വദേശി എ.ആർ. ജയകുമാർ, ചെങ്ങന്നൂർ കാരയ്ക്കാട് സ്വദേശികളായ അമൽ, രജീഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു. ജയകുമാറിന് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ജീവനക്കാർക്കെതിരെ അശ്രദ്ധയോടെ സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്ത കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Advertisement
Advertisement