ഐ.പി.ഒ: പുതുവർഷത്തിൽ പണംവാരാൻ 89 കമ്പനികൾ

Wednesday 04 January 2023 3:57 AM IST

 2023ൽ സമാഹരണം പുതിയ ഉയരം കുറിച്ചേക്കും

കൊച്ചി: 2021ലെ റെക്കാഡ് കുതിപ്പിന് ശേഷം 2022ൽ നിറംമങ്ങിയ പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) വിപണി കൂടുതൽ കരുത്തോടെ പുതുവർഷത്തിൽ തിരിച്ചുവരവിനൊരുങ്ങുന്നു. ഐ.പി.ഒയ്ക്ക് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭിച്ച 59 കമ്പനികൾ തുടർനടപടികൾക്കായി കാത്തിരിക്കുകയാണ്. ഇവ സംയുക്തമായി 88,640 കോടി രൂപ സമാഹരിക്കുമെന്നാണ് വിലയിരുത്തൽ.

മറ്റൊരു 30 കമ്പനികൾ സെബിയുടെ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. ഇവ സംയുക്തമായി 51,215 കോടി സമാഹരിച്ചേക്കും. അനുമതി ലഭിക്കാനുള്ളവയിൽ എട്ട് കമ്പനികൾ പുത്തൻ ടെക്‌നോളജി സ്ഥാപനങ്ങളാണ്. ഇവയുടെ ഐ.പി.യിലൂടെ പ്രതീക്ഷിക്കുന്നത് 29,000 കോടി രൂപയുടെ സമാഹരണം.

സെബിയിൽ നിന്നുള്ള നിലവിലെ കണക്കുപ്രകാരം 2023ൽ ഐ.പി.ഒ നടത്താൻ ഒരുങ്ങുന്നത് 89 കമ്പനികളാണെന്ന് പ്രൈം ഡേറ്റാബേസ് റിപ്പോർട്ട് ചെയ്യുന്നു. ഇവ സംയുക്തമായി സമാഹരിക്കുക 1.39 ലക്ഷം കോടി രൂപയും. ഇത് റെക്കാഡായിരിക്കും. 2022ൽ 40 കമ്പനികളാണ് ഐ.പി.ഒ സംഘടിപ്പിച്ച് ഓഹരിവിപണിയിലേക്ക് ആദ്യചുവടുവച്ചത്. ഇവ സമാഹരിച്ചത് ആകെ 59,412 കോടി രൂപയായിരുന്നു. 2021ൽ 65 കമ്പനികൾ ചേർന്ന് സമാഹരിച്ച 1.31 ലക്ഷം കോടി രൂപയാണ് നിലവിലെ റെക്കാഡ്.

ഓഹരിവിപണിയിലേക്ക് കണ്ണുംനട്ട്

ഈവർഷം പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) നടത്തി ഓഹരിവിപണിയിൽ ആദ്യചുവടുവയ്ക്കാൻ ഒരുങ്ങുന്നത് 89 കമ്പനികളാണെന്ന് പ്രൈം ഡേറ്റാബേസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സെബിയുടെ അനുമതി

ലഭിച്ച പ്രമുഖർ

 ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്

 ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്

 ഫാബ് ഇന്ത്യ  ടി.വി.എസ് സപ്ളൈചെയിൻ സൊല്യൂഷൻസ്

 എ.പി.ഐ ഹോൾഡിംഗ്‌സ്  ആധാർ ഹൗസിംഗ് ഫിനാൻസ്

അനുമതി തേടിയ പ്രമുഖർ

 ടാറ്റാ പ്ളേ ലിമിറ്റഡ്  ഫിൻകെയർ സ്മാൾബാങ്ക്

 പേമേറ്റ് ഇന്ത്യ  ജോയ് ആലുക്കാസ്

 ബാലാജി സൊല്യൂഷൻസ്  മാൻകൈൻഡ് ഫാർമ

₹20,557 കോടി

2022ലെ മൊത്തം ഐ.പി.ഒത്തുകയായ 59,412 കോടി രൂപയിൽ 20,557 കോടി രൂപയും സമാഹരിച്ചത് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ എന്ന പെരുമയോടെ എൽ.ഐ.സിയാണ്.