കൊച്ചി ഹാർബർ നവീകരണം ഡിസംബറിൽ പൂർത്തിയാക്കും

Wednesday 04 January 2023 12:29 AM IST

കൊച്ചി: കൊച്ചി ഫിഷിംഗ് ഹാർബർ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരക്കുന്ന ജോലികൾ ഡിസംബറിനകം പൂർത്തിയാക്കുമെന്ന് കേന്ദ്ര ഫിഷറീസ്, വാർത്താ വിതരണ, മൃഗസംരക്ഷണ, ക്ഷീരോത്പാദന സഹമന്ത്രി ഡോ. എൽ. മുരുകൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് തോപ്പുംപടിയിലെ ഹാർബർ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു.

ഷിപ്പിംഗ്, തുറമുഖ മന്ത്രാലയവും ഫിഷറീസ് മന്ത്രാലയവും സംയുക്തമായി ധനസഹായം നൽകുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി മന്ത്രി പറഞ്ഞു. കൊച്ചിൻ പോർട്ട് അതോറിറ്റിയും പദ്ധതി നടത്തിപ്പിൽ പങ്ക് വഹിക്കും.

ആധുനികവത്കരണത്തിലൂടെ നിലവിലെ അവസ്ഥയിൽ നിന്ന് പൂർണമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുക, ലാൻഡിംഗ് സെന്ററുകളുടെ വികസനം, ശുചിത്വത്തിൽ ഉയർന്ന നിലവാരം എന്നിവ ഉറപ്പാക്കും. മത്സ്യബന്ധന തുറമുഖങ്ങൾ, മത്സ്യ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറേജുകൾ, ഐസ് പ്ലാന്റുകൾ എന്നിവ ഉൾപ്പെടെ മത്സ്യവിപണന സൗകര്യങ്ങളുടെ നവീകരണം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഹാർബറിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ഡോർമിറ്ററി, ഭക്ഷണശാല, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയുണ്ടാക്കും. ബന്ധപ്പെട്ടവരുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുക.

ഹൈബി ഈഡൻ എം.പി., കെ.ജെ. മാക്‌സി എം.എൽ.എ, കൊച്ചി തുറമുഖ അതോറിട്ടി ചെയർപേഴ്‌സൺ ഡോ. എം. ബീന തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യാൻ തുറമുഖ അതോറിട്ടി അധികൃതരുമായി ഓഫീസിൽ ഡോ. എൽ. മുരുകൻ യോഗവും നടത്തി.