മലയോര നിവാസികൾക്ക് യാത്രാദുരിതം

Wednesday 04 January 2023 12:38 AM IST

കോന്നി : തണ്ണിത്തോട് പഞ്ചായത്തിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പത്തനംതിട്ട കരുമാൻതോട് റൂട്ടിൽ മുൻപ് കെ.എസ്.ആർ.ടി.സിയുടെ എട്ട് ബസ് സർവീസുകൾ വരെ നടത്തിയിരുന്നു. ഇപ്പോൾ ഒരു കെ.എസ്.ആർ.ടി.സി ബസ് പോലും സർവീസ് നടത്തുന്നില്ല. കരുമാൻതോട് - കോട്ടയം മെഡിക്കൽ കോളേജ്, കരുമാൻതോട്,തൃശൂർ, കരുമാൻതോട്, തിരുവനന്തപുരം കരുമാൻതോട് എന്നീ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിറുത്തലാക്കിയത് മലയോര നിവാസികളെ ബുദ്ധിമുട്ടിലാക്കി. തൃശൂർ കെ.എസ്.ആർ.ടി.സി സർവീസ് ആദ്യം ഗുരുവായൂർ വരെ സർവീസ് നടത്തിയിരുന്നു. കോന്നി പൂങ്കാവ്, പ്രമാടം വഴിയായിരുന്നു. തൃശൂർ ബസ് സർവീസ് നടത്തിയിരുന്നത്. കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിലേക്കും, നെടുമ്പാശേരി എയർപോർട്ടിലേക്കും, ഗുരുവായൂർ ക്ഷേത്രത്തിലേക്കും പോകുന്നവർക്ക് ബസ് സർവീസ് പ്രയോജനപ്രദമായിരുന്നു. പത്തനംതിട്ടയിൽ നിന്ന് വൈകിട്ട് 6.15 കഴിഞ്ഞാൽ കരിമാൻതോടിന് ഇപ്പോൾ ബസ് ഇല്ല. തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറയിലേക്ക് കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തുന്നില്ല. തണ്ണിത്തോട് തേക്കുതോട്, കരുമാൻതോട്, മേടപ്പാറ വഴി കോന്നി മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തണ്ണിത്തോട് പഞ്ചായത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ധർണ നടത്തിയിരുന്നു. തണ്ണിത്തോട് മൂഴി തേക്കുതോട് റോഡ് അടുത്തിടെ ഉന്നത നിലവാരത്തിൽ വികസിപ്പിച്ചിരുന്നു.

....................... മലയോരഗ്രാമങ്ങൾ ഉൾപ്പെടുന്ന തണ്ണിത്തോട് പഞ്ചായത്തിലേക്കുള്ള

കെ.എസ്.ആർ.ടി.സിബസ് സർവീസുകൾ പുനരാരംഭിക്കണം.

(പി.ജെ.സുഗതൻ,

പുത്തൻപുരയ്ക്കൽ,

കരുമാൻതോട് )