പ്രവാസികൾക്കായി സൗജന്യ സംരംഭകത്വ പരിശീലനം

Wednesday 04 January 2023 12:58 AM IST
pravasi

കോഴിക്കോട്: തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്‌മെന്റും (സി.എം.ഡി ) സംയുക്തമായി ജനുവരി 6 മുതൽ 18 വരെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള ഒൻപതു ജില്ലകളിലെ പ്രവാസി സംരംഭകർക്ക് ബിസിനസ് ആശയങ്ങൾ സംബന്ധിച്ച് അവബോധം നൽകുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ജനുവരി പത്തിനാണ് കോഴിക്കോട് ജില്ലയിലെ പരിശീലനം.

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രൊജക്ട് ഫോർ റീട്ടെൻഡ് എമിഗ്രന്റ് പദ്ധതി പ്രകാരമാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുളള പ്രവാസികൾ സി.എം.ഡി യുടെ 04712329738 ,8078249505 എന്ന നമ്പരിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.

പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.