ആദ്യ ഓവറിൽ ഹാട്രിക്കുമായി ഉനദ്കദ്

Tuesday 03 January 2023 11:15 PM IST

രാജ്കോട്ട്: ഡൽഹിക്കെതിരായ രഞ്ജി ട്രോഫിമത്സരത്തിന്റെ ആദ്യ ഓവറിൽത്തന്നെ ഹാട്രിക്ക് നേടി ചരിത്രം കുറിച്ച് സൗരാഷ്ട്ര നായകൻ ജയ്ദേവ് ഉനദ്കദ്. 12വർഷത്തിന് ശേഷം കഴിഞ്ഞമാസം ബംഗ്ളാദേശിനെതിരായ പരമ്പരയിലൂടെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ ഉനദ്കദ് ഡൽഹിക്കെതിരെ ഹാട്രിക്ക് ഉൾപ്പെടെ 12 ഓവറിൽ വെറും 39 റൺസ് മാത്രം വഴങ്ങി വീഴ്ത്തിയത് എട്ട് വിക്കറ്റുകളാണ്.

തന്റെ ആദ്യ രണ്ടോവറിൽതന്നെ രണ്ട് റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റെടുത്താണ് ഉനദ്കദ് താരമായത്. ആദ്യ ഓവറിലെ മൂന്ന്, നാല്, അഞ്ച് പന്തുകളിൽവിക്കറ്റെടുത്ത് ഒരു രഞ്ജിട്രോഫി മത്സരത്തിന്റെ ആദ്യ ഓവറിൽ ഹാട്രിക്ക് നേടുന്ന താരമെന്ന അപൂർവ നേട്ടം സ്വന്തമാക്കി. ധ്രുവ് ഷോറെ, വൈഭവ് റവാൽ, യാഷ് ദുൽ എന്നിവരെ പുറത്താക്കിയാണ് ഹാട്രിക്ക് നേടിയത്. പിന്നാലെ ജോണ്ടി സിദ്ദു, ലളിത് യാദവ്, ലക്ഷയ്, കുൽദീപ് യാദവ്, ശിവാങ്ക് വസിഷ്ഠ് എന്നിവരും ഉനദ്കദിന് മുന്നിൽ മുട്ടുമടക്കി.ഇതോടെ ഡൽഹി വെറും 133 റൺസിന് ആൾഒൗട്ടായി.