ആദിത്യയുടെ കീശ നിറയ്ക്കാൻ 'ഡോട്ട് മണ്ടാല' ചിത്രങ്ങൾ

Wednesday 04 January 2023 12:18 AM IST

ആലപ്പുഴ: ലോക്ഡൗൺ കാലത്ത് പഴയ സിനിമാ സി.ഡികളിൽ കൗതുകത്തിനാണ് ആലപ്പുഴക്കാരി ആദിത്യ വർണക്കുത്തുകൾ ഇട്ടു തുടങ്ങിയത്. അതിപ്പോൾ ഡോട്ട് മണ്ടാല എന്ന ചിത്രരചനയായി ആദിത്യയുടെ പോക്കറ്റ് നിറയ്‌ക്കുന്നു. കുത്തുകൾ മാത്രം ഉപയോഗിച്ച് ചിത്രം വരയ്‌ക്കുന്ന രീതിയാണ് ഡോട്ട് മണ്ടാല.

ചിത്രരചനയോടുള്ള ഇഷ്ടവുമായി ഗൂഗിളിലൂടെ നടത്തിയ യാത്രയാണ് 'ഡോട്ട് മണ്ടാല"യിൽ എത്തിച്ചത്. താന്ത്രികരായ ബുദ്ധമതക്കാർ ധ്യാനത്തിന് ഉപയോഗിക്കുന്ന കലാരൂപമാണ് മണ്ടാല. ഓരോ കുത്തും ബുദ്ധന്റെ മനസാണെന്നാണ് സങ്കൽപ്പം. . ആദിത്യയ്‌ക്കും ഇതൊരു ധ്യാനമാണ്.

സി.ഡിയിൽ വിവിധ വർണ്ണങ്ങളിൽ പല വലിപ്പമുള്ള കുത്തുകളിട്ട് (ഡോട്ട്) വൃത്താകൃതിയിൽ വരയ്ക്കുന്ന ചിത്രങ്ങൾ തേടി ധാരാളം പേർ എത്തുന്നു. പുതിയ വീടുകളുടെ ഇന്റീരിയൽ അലങ്കാരത്തിനാണ് ആവശ്യക്കാരേറെയും. ഒരു സി.ഡിയിലെ വർക്കിന് 100 രൂപ. പലരും പത്തിലധികം സി.ഡികൾ ബുക്ക് ചെയ്യുന്നത് മികച്ച വരുമാനം നൽകുന്നു. വസ്ത്രങ്ങളിലും മണ്ടാല ഡിസൈനുകൾക്ക് ആവശ്യക്കാരുണ്ട്.

എസ്.ഡി കോളേജിലെ അവസാന വർഷ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാർത്ഥിനിയാണ് ആദിത്യ. ഡിഗ്രി കഴിഞ്ഞ് ഫാഷൻ ഡിസൈനിംഗ് കോഴ്സിന് ചേരും.

തുടക്കത്തിൽ പെൻസിലിന്റെ പിന്നിലെ റബർ, ടൂത്ത് പിക്ക്, കോട്ടൺ ബഡ്സ് തുടങ്ങിയവ അക്രിലിക് പെയിന്റിൽ മുക്കിയായിരുന്നു രചന. പിന്നെ ഓൺലൈൻ വഴി മണ്ടാല ടൂളുകൾ വാങ്ങി. 301 സി.ഡികളിൽ ഡോട്ട് മണ്ടാല വരച്ച് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടി.

ആലപ്പുഴ ആശ്രമം വാർഡ് വെളിച്ചപ്പാട്ടു തയ്യിൽ രാജേഷിന്റെയും നിഖിതയുടെയും മകളാണ് . സഹോദരൻ എട്ടാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജനും ചിത്രങ്ങൾ വരയ്ക്കാറുണ്ട്.

100 രൂപ:

ചിത്രം ആലേഖനം ചെയ്ത

സി.ഡിയുടെ വില

301 ചിത്രങ്ങൾ:

ഇതുവരെ വരച്ചത്

#ഉറക്കമൊഴിഞ്ഞ്

ചിത്രരചന

ഒരു സി.ഡിയിൽ ചിത്രം വരയ്ക്കാൻ അരമണിക്കൂറിൽ താഴെ മതി. ഏകാഗ്രത അനിവാര്യം. രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് ചിത്ര രചന. കോളേജിൽ പോകുന്ന ദിവസങ്ങളിൽ ഡോട്ട് മണ്ടാല ഇല്ല. പകരം കുപ്പികൾ, വസ്ത്രങ്ങൾ, ഫോൺ കവറുകൾ, ബൾബുകൾ തുടങ്ങിയവയിൽ ചിത്രങ്ങൾ വരയ്ക്കും.

ഓരോ ചിത്രവും വ്യത്യസ്തമായിരിക്കണം. ധ്യാനത്തിന്റെ സുഖമാണ് ഓരോ രചനയിലും കിട്ടുന്നത്.

-ആദിത്യ രാജേഷ്

Advertisement
Advertisement