മിന്നലായി ബ്ളാസ്റ്റേഴ്സ്

Tuesday 03 January 2023 11:25 PM IST

ജംഷഡ്പുർ എഫ്.സിയെ 3-1ന് തോൽപ്പിച്ച് കേരള ബ്ളാസ്റ്റേഴ്സ്

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ കുതിപ്പ് തുടർന്ന് കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ജംഷഡ്പുർ എഫ്.സിയെ കീഴടക്കിയ ബ്ളാസ്റ്റേഴ്സ് സീസണിലെ എട്ടാം വിജയവുമായി പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

ആദ്യ പകുതിയിൽ 2-1ന് ലീഡ് ചെയ്തിരുന്ന ബ്ളാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഒരുഗോൾകൂടി നേടി വിജയം ആധികാരികമാക്കുകയായിരുന്നു. ഒൻപതാം മിനിട്ടിൽ അപ്പോസ്തലസ് ജിയാന്നുവിലൂടെയാണ് ബ്ളാസ്റ്റേഴ്സ് സ്കോറിംഗ് തുടങ്ങിയത്. എന്നാൽ 17-ാം മിനിട്ടിൽ ഡാനിയേൽ ചിമ ചുക്വുവിലൂടെ ജംഷഡ്പുർ തിരിച്ചടിച്ചു. 31-ാം മിനിട്ടിൽ ഡിമിത്രിയോസ് ഡയമന്റക്കോസ് ഒരു പെനാൽറ്റിയിലൂടെ ബ്ളാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.ഈ സ്കോറിന് ആദ്യ പകുതിയിൽ മഞ്ഞപ്പട ഹോംഗ്രൗണ്ടിൽ ലീഡ് ചെയ്തു. 65-ാം മിനിട്ടിൽ ജിയാന്നുവിന്റെ പാസിൽനിന്ന് അഡ്രിയാൻ ലൂണയാണ് ബ്ളാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടിയത്.

12 മത്സരങ്ങളിൽ എട്ടുവിജയവും മൂന്ന് തോൽവികളും ഒരു സമനിലയും ഉൾപ്പടെ 25 പോയിന്റുമായാണ് ബ്ളാസ്റ്റേഴ്സ് മൂന്നാമതുള്ളത്. 30 പോയിന്റുള്ള മുംബയ് സിറ്റിയാണ് ഒന്നാംസ്ഥാനത്ത്. 28 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തുണ്ട്.

ഈ സീസണിലെ ബ്ളാസ്റ്റേഴ്സിന്റെ എട്ടാം വിജയം

ജംഷഡ്പുരിനെതിരെ സീസണിലെ രണ്ടാം വിജയം

ഡിസംബറിൽ എവേ മാച്ചിൽ ജയിച്ചിരുന്നത് 1-0ത്തിന്

അടുത്ത മത്സരം ഞായറാഴ്ച മുംബയ് സിറ്റിക്കെതിരെ

Advertisement
Advertisement