അൽഫാം കഴിച്ച് മരണം: 429 ഹോട്ടലുകളിൽ പരിശോധന; 43 ഹോട്ടലുകൾ അടപ്പിച്ചു

Wednesday 04 January 2023 12:33 AM IST

 തലസ്ഥാനത്ത് പൂട്ടിയത് 11 ഹോട്ടലുകൾ

തിരുവനന്തപുരം: അൽഫാം കഴിച്ചതിനെ തുടർന്നുണ്ടായ വിഷബാധയിൽ ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ ഐ.സി.യുവിലെ നഴ്‌സ് രശ്‌മി രാജ് മരിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്ത് 429 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 43 എണ്ണം പൂട്ടി. വൃത്തിഹീനമായി പ്രവർത്തിച്ച 22 ഭക്ഷണശാലകളും ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 21 ഹോട്ടലുകളും ഇതിലുൾപ്പെടുന്നു. 138 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 44 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 52 കടകൾ നിലവാരം മെച്ചപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.

തലസ്ഥാനത്ത് ബുഹാരി അടക്കം 11 ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പൂട്ടി. ഭക്ഷ്യവിഷബാധയുണ്ടായ കോട്ടയം ജില്ലയിൽ 11 ഹോട്ടലുകളിൽ മാത്രമാണ് പരിശോധന നടന്നത്. മൂന്നെണ്ണത്തിന് പിഴ ചുമത്തി. മൂന്ന് ഹോട്ടലുകൾക്ക് ന്യൂനതകൾ പരിഹരിക്കാൻ നോട്ടീസ് നൽകി.

അതിനിടെ,​ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓപ്പറേഷൻ ഹോളിഡേയുടെ ഭാഗമായി ഡിസംബർ 31 വരെ ഒരാഴ്ച 5,864 പരിശോധനകൾ നടത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 26 സ്ഥാപനങ്ങൾ അടപ്പിച്ചു. ക്രിസ്‌മസ് -പുതുവത്സര അവധിക്കാലവുമായി ബന്ധപ്പെട്ടായിരുന്നു പ്രത്യേക പരിശോധന. സാമ്പിളുകളും ശേഖരിച്ചു. 802 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷ വളരെ പ്രധാനമാണ്. പരിശോധനകൾ ശക്തമാക്കും

- മന്ത്രി വീണാജോർജ്