നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ മരുന്ന് ക്ഷാമം

Wednesday 04 January 2023 12:42 AM IST

പരവൂർ: പരവൂർ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ആഴ്ചകളായുള്ള അവശ്യ മരുന്നുകളുടെ ക്ഷാമം രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ചുമയുടെ മരുന്നുൾക്കും പനിയുടെ ആന്റി ബയോട്ടിക്ക് മരുന്നുകൾക്കുമാണ് ക്ഷാമം. മരുന്നുകൾ ഫാർമസിയിൽ ലഭിയ്ക്കാത്തതിനാൽ സ്വകാര്യ മെഡിക്കൽസ്റ്റോറുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് രോഗികൾക്ക്. നിർധനരായ രോഗികളാണ് ഏറെ ബുദ്ധിമുട്ടുന്നത്.

സ്കളൂകൾ തുറന്നതോടെ പനിയും ചുമയും ബാധിച്ച് ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചിരുന്നു. ഇതാണ് മരുന്നുകളുടെ ക്ഷാമത്തിന് പ്രധാന കാരണമായി പറയുന്നത്. ബദൽമാർഗങ്ങൾ എർപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. എന്നാൽ ഫാർമസിയിൽ ആവശ്യത്തിന് മരുന്നുകളുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പരവൂർ നഗരസഭയിലെയും സമീപത്തെ ആറോളം പഞ്ചായത്തുകളിലേയും ജനങ്ങളുടെ പ്രധാന ആശ്രയമാണ് നെടുങ്ങോലം തലൂക്ക് ആശുപത്രി .പ്രതിദിനം 500ഓളം പേർ ഒ.പിയിൽ ചികിത്സതേടുന്നുണ്ട്.